WhatsApp Image 2025-10-21 at 8.08.42 PM

കലാലയങ്ങളുടെയും സര്‍വകലാശാലകളുടെയും പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുന്നതിനും ആഗോളനിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു. നാദാപുരം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയവും അന്തര്‍ദേശീയവുമായ ഗുണനിലവാര പരിശോധനകളിലെല്ലാം മികച്ച പ്രകടനമാണ് കേരളത്തിലെ സര്‍വകലാശാലകളും കലാലയങ്ങളും കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ടില്‍നിന്ന് പത്ത് കോടി രൂപ ചെലവിട്ടാണ് കോളേജില്‍ അക്കാദമിക് ബ്ലോക്ക്, കാന്റീന്‍, ലേഡീസ് ഹോസ്റ്റല്‍ എന്നിവയൊരുക്കിയത്. 2022 സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്നുനിലകളുള്ള അക്കാദമിക് ബ്ലോക്കില്‍ പത്ത് ക്ലാസ് റൂം, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, രണ്ട് സ്റ്റാഫ് റൂം, സെമിനാര്‍ ഹാള്‍, രണ്ട് ലാബുകള്‍, ലാബ് അറ്റന്‍ഡര്‍ റൂം, ടോയ്ലറ്റുകള്‍, ശുദ്ധജല സംഭരണത്തിന് അണ്ടര്‍ഗ്രൗണ്ട് ടാങ്ക് എന്നിവയാണുള്ളത്. മൂന്നു നിലകളിലായി 1,371 സ്‌ക്വയര്‍ മീറ്ററിലാണ് വനിത ഹോസ്റ്റല്‍. രണ്ടു നിലകളിലായാണ് കാന്റീന്‍ ഒരുക്കിയിരിക്കുന്നത്.

കോളേജില്‍ നടന്ന പരിപാടിയില്‍ ഇ കെ വിജയന്‍ എംഎല്‍എ അധ്യക്ഷനായി. കിറ്റ്‌കോ റീജ്യണല്‍ ഹെഡ് (സിവില്‍) സാന്‍ജോ കെ ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ സുധീര്‍, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, ജില്ലാപഞ്ചായത്ത് അംഗം സി വി എം നജ്മ, വാര്‍ഡ് മെമ്പര്‍ റീന കിണബ്രേമ്മല്‍, ഗ്രാമപഞ്ചായത്ത് അംഗം വി പി കുഞ്ഞിരാമന്‍, പ്രിന്‍സിപ്പല്‍ എന്‍ വി സനിത്ത്, വി പി കുഞ്ഞികൃഷ്ണന്‍, എ മോഹന്‍ദാസ്, മുഹമ്മദ് ബംഗ്ലത്ത്, ശ്രീജിത്ത് മുടപ്പിലായി, രവി വെള്ളൂര്‍, കരിമ്പില്‍ ദിവാകരന്‍, കെ വി നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *