Home » Blog » Business » കയറ്റുമതിയിൽ താരമായി ‘ചകിരി’, ആഗോള തലത്തിൽ വൻ ഡിമാന്റ്; ഇനിയാരും തൊണ്ട് വലിച്ചെറിയല്ലേ
7

വടകര: കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെക്കാൾ മൂല്യം കൂടി ചകിരി ഉത്പന്നങ്ങൾക്ക്. 2025-ൽ രാജ്യത്തുനിന്ന്‌ കയറ്റി അയച്ചത് 61.2 കോടി ഡോളർ (ഏതാണ്ട് 5600 കോടി രൂപ) മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ്. 2024-25 വർഷം കയറ്റിയയച്ച നാളികേര ഉത്പന്നങ്ങളുടെ മൂല്യമാകട്ടെ 4349 കോടി രൂപയും.

ആഗോളതലത്തിലെ വൻ ഡിമാൻഡും വിലവർധനയുമാണ് ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം കുതിക്കാനിടയാക്കിയത്. ഒറ്റവർഷംകൊണ്ട് മൂല്യത്തിലുണ്ടായ കുതിപ്പ് 70 ശതമാനമാണ്. സമീപകാലത്തൊന്നും മൂല്യത്തിൽ ഇത്ര കുതിപ്പുണ്ടായിട്ടില്ല. 2024-ൽ 35.8 കോടി ഡോളർ മൂല്യമുള്ള (3300 കോടി രൂപയോളം) ചകിരി ഉത്പന്നങ്ങളാണ് കയറ്റിയയച്ചത്. ഒറ്റവർഷംകൊണ്ട് മൂല്യത്തിൽ 25.4 കോടി ഡോളറിന്റെ (2300 കോടി രൂപ) വർധന.

ചകിരി ഉത്പന്ന കയറ്റുമതിയിൽ 2025-ൽ ലോകത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യമായി ഇന്ത്യ മാറിയെന്ന് ഇന്റർനാഷണൽ കോക്കനട്ട് കമ്യൂണിറ്റിയുടെ മാർച്ച് മാസത്തെ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കയും ഇൻഡൊനേഷ്യയുമെല്ലാം നേട്ടമുണ്ടാക്കിയെങ്കിലും ഇന്ത്യയുടെ അത്ര വരില്ല. ശ്രീലങ്കയുടെ മുന്നേറ്റം 21 ശതമാനമാണ്. ഇന്ത്യയുടേത് 70 ശതമാനവും. ഇന്ത്യയുടെ ആകെ കയറ്റുമതി മൂല്യത്തിന്റെ 85 ശതമാനവും ഒറ്റ ഉത്പന്നത്തിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.

അളവിലും മൂല്യത്തിലും ചകിരിച്ചോർ കയറ്റുമതി കുതിച്ച വർഷമാണ് 2025. 9.54 ലക്ഷം ടൺ ചകിരിച്ചോറാണ് 2025-ൽമാത്രം കയറ്റുമതി ചെയ്തത്. ഇതിന്റെ മൂല്യം 48.69 കോടി ഡോളർ (4500 കോടി രൂപയോളം) വരും. 2024-ൽ 7.32 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി- മൂല്യം 26.21 കോടി ഡോളർ. കയറ്റുമതിയിലെ അളവ് 30 ശതമാനം മാത്രം കൂടിയപ്പോൾ മൂല്യം 85 ശതമാനമായി വർധിച്ചതിന്റെ കാരണം ആഗോളതലത്തിലെ ഉയർന്ന വിലയാണ്.

ചകിരിച്ചോറിന്റെ സുസ്ഥിരമായ ആഗോള ആവശ്യവുമാണ് ഇതിലേക്ക് നയിച്ചതെന്ന് ഐ.സി.സി. റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാണിജ്യ തോട്ടക്കൃഷിക്കും ഹൈഡ്രോപോണിക്‌സ് പോലുള്ള പുതിയ കൃഷിരീതികൾക്കും ചകിരിച്ചോറ് പ്രധാന മാധ്യമമായി ഉപയോഗിക്കുന്നുണ്ട്. ചില കയറുത്പന്നങ്ങളുടെ കയറ്റുമതി അളവും മൂല്യവും കുറഞ്ഞിട്ടുണ്ട്. ചകിരിച്ചോറിന്റെ കയറ്റുമതിയിലൂടെയാണ് ഇതിന്റെ ക്ഷീണം മറികടന്നത്.

ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായ കുതിപ്പ് നാളികേരക്കർഷകർക്കും പ്രതീക്ഷ പകരുന്നതാണ്. ഉത്തേജിത കരിയുടെ ആഗോളതലത്തിലെ ഉയർന്ന ആവശ്യം മൂലം ചിരട്ടയുടെ വില നാട്ടിൻപുറങ്ങളിൽപ്പോലും ഉയർന്നിരുന്നു. വീടുകളിൽ വന്നുപോലും ചിരട്ട ശേഖരിക്കുന്ന സംഘങ്ങൾ സജീവമായി. ഇതേ പ്രവണത ചകിരിയുടെ കാര്യത്തിലും വന്നുതുടങ്ങി. വെറുതേ പറമ്പിലും മറ്റും ഉപേക്ഷിച്ചിരുന്ന ചകിരിതേടി ചകിരി ഉത്പന്ന നിർമാതാക്കൾ നാട്ടിൻപുറങ്ങളിലെത്തുന്നുണ്ട്. നൂറ് തേങ്ങയുടെ ചകിരിക്ക് 70 രൂപ മുതൽ നൂറുരൂപവരെ കിട്ടുന്നുണ്ട്.