കമല്‍ഹാസന്‍ ചിത്രം ‘തഗ് ലൈഫി’ന് യുഎ സര്‍ട്ടിഫിക്കറ്റ്

സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍- മണിരത്‌നം ചിത്രമാണ് തഗ് ലൈഫ്. 37 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണി രത്‌നവും ഒന്നിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസന്‍ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷന്‍ പാര്‍ട്ട്‌നര്‍ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മെയ് 21 ന് കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുക്കും. എ ആര്‍ റഹ്‌മാന്‍ ടീമിന്റെ ലൈവ് പെര്‍ഫോമന്‍സോടു കൂടിയ തഗ് ലൈഫ് ഓഡിയോ ലോഞ്ച് സായിറാം കോളേജ്, ചെന്നൈയില്‍ മെയ് 24 ന് നടക്കും.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിക്രമിന് വേണ്ടി കമലുമായി സഹകരിച്ച അന്‍പറിവ് മാസ്റ്റേഴ്‌സാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്. തഗ് ലൈഫിന്റെ മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും പ്രൊഡക്ഷന്‍ ഡിസൈനറായി ശര്‍മ്മിഷ്ഠ റോയ്യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നത്. പിആര്‍ഒ: പ്രതീഷ് ശേഖര്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *