ഓൺലൈൻ ലേല ആപ്പായ സേവ് ബോക്‌സ് ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിൽ വെച്ചാണ് നടപടി പുരോഗമിക്കുന്നത്. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യ പ്രവർത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടാനാണ് ഇഡിയുടെ നീക്കം. ഇത് രണ്ടാം തവണയാണ് താരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ (സ്വാതി റഹീം) 2023 ജനുവരിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നതാണ് സ്വാതിഖിനെതിരെയുള്ള പ്രധാന ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നിലവിൽ നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
സേവ് ബോക്‌സ് ആപ്പ് വഴി പ്രതിമാസം 25 ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപകരെ ആകർഷിച്ചിരുന്നത്. നൂറിലധികം ആളുകളിൽ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ നിക്ഷേപമായി സ്വീകരിച്ചത്. ഉയർന്ന ലാഭവിഹിതം മോഹിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിച്ചില്ല. പണം നഷ്ടപ്പെട്ടതോടെ നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഈ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
