‘ഓപ്പറേഷൻ ഹണിഡ്യൂക്സ്’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി റെസ്റ്റോറന്റുകളിൽ നടത്തിയ പരിശോധനയിൽ 157.87 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി. ഒക്ടോബർ 22 നു വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിശോധന ഒക്ടോബർ 23 ന് പുലർച്ചെ വരെ നീണ്ടു.
സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ 41 യൂണിറ്റുകളാണ് സംയുക്തമായി സംസ്ഥാനത്തുടനീളമുള്ള 42 റെസ്റ്റോറന്റുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. പ്രാഥമിക കണക്കുകൾ പ്രകാരം 157.87 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 7.89 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി ഇതുവരെ 68.80 ലക്ഷം രൂപ പിരിച്ചെടുത്തു.
നികുതി വെട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അന്വേഷണവും, നടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ അറിയിച്ചു.
