Home » Blog » Kerala » ഒളിവിലിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനം’:രാഹുൽ വിഷയത്തിൽ പ്രതികരിച്ച് കെ.സി. വേണുഗോപാൽ
KC_VENUGOPAL

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പാർട്ടിയുടെ ഭാഗമല്ലെന്നും, സസ്പെൻഷനിലുള്ള വ്യക്തിയാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വർണ്ണപ്പാളി വിവാദത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.

അതേസമയം മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കാനുള്ള നീക്കം സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് കെ.സി. വേണുഗോപാൽ എംപി വിമർശിച്ചു. ഇത് എല്ലാം നിരീക്ഷിക്കാനുള്ള ‘ബിഗ് ബ്രദറിൻ്റെ’ നീക്കമാണ്. പെഗാസസ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ രമേശ് ചെന്നിത്തലയും സമാനമായ നിലപാട് സ്വീകരിച്ചു. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ലെന്നും, അദ്ദേഹത്തെ പോലീസ് കണ്ടെത്തി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ചെന്നിത്തല പറഞ്ഞത്. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവിക നിയമനടപടി മാത്രമാണ്, നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.