
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ടാകും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, നാളെയും മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
