Home » Blog » Kerala » “ഒരുത്തന്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അയാളെ തടയുന്ന ഒരു സിസ്റ്റവും ഈ നാട്ടില്‍ ഇല്ല, മഞ്ജു വാര്യരുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ?, സനല്‍ കുമാര്‍ ശശിധരന്‍ കാണിക്കുന്നത് ശുദ്ധ ആഭാസം” – കെ കെ ഷാഹിന
6

തിരുവനന്തപുരം: സംവിധായകൻ സനല്‍ കുമാര്‍ ശശിധരന്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിനെതിരെ മാധ്യമ പ്രവര്‍ത്തക കെകെ ഷാഹിന. ഈ സമൂഹം എത്രമാത്രം സ്ത്രീ വിരുദ്ധമാണെന്ന് അറിയാനുള്ള ടെസ്റ്റ് കേസ് ആണ് സനല്‍കുമാര്‍ ശശിധരന്‍ നടത്തുന്ന സമരമെന്നും ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ ഒരുത്തന്‍ തുനിഞ്ഞിറങ്ങിയാല്‍ അവനെ അതില്‍ നിന്ന് തടയാനോ, ആ സ്ത്രീക്ക് സംരക്ഷണം കൊടുക്കാനോ നിയമത്തിനു കഴിയില്ല എന്ന് തെളിയിക്കുന്നതാണ് ഇതെന്നും ഷാഹിന സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

“മഞ്ജു വാര്യര്‍ നേരത്തേ കൊടുത്ത ക്രിമിനല്‍ കേസുകളില്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതാണല്ലോ. എന്നിട്ടും അയാള്‍ അവരെ അപകീര്‍ത്തിപ്പെടുത്തുന്നത് തുടരുക തന്നെയാണല്ലോ. യഥാര്‍ത്ഥത്തില്‍ ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ്. ഇയാള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അക്രമം മഞ്ജു വാര്യര്‍ എന്ന സ്ത്രീയെ മാത്രം ബാധിക്കുന്ന പ്രശ്‌നം അല്ലാതാകുന്നതും ഇത് കൊണ്ടാണ്. നാട്ടിലുള്ള സ്ത്രീ പീഡകര്‍ക്കും സ്റ്റോക്കര്‍മാര്‍ക്കുമൊക്കെ തികഞ്ഞ പ്രോത്സാഹനമാണ് ഇയാളുടെ ഈ ആഭാസത്തിലൂടെ കിട്ടുന്നത്. ഒരു സ്ത്രീയെ നിങ്ങള്‍ക്ക് ഉപദ്രവിക്കണം എന്നുണ്ടെങ്കില്‍ ഒരു സിസ്റ്റവും നിങ്ങളെ തടയില്ല എന്ന കൃത്യമായ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിന് കിട്ടുന്നത്.” – ഷാഹിനയുടെ കുറിപ്പില്‍ പറയുന്നു.

“എല്ലാ നിയമവും സ്ത്രീകള്‍ക്ക് അനുകൂലമാണ് എന്ന് നിലവിളിക്കുന്ന എല്ലാവരും ഇത് കാണേണ്ടതാണ്. ഒരുത്തന്‍ ഒരു സ്ത്രീയെ ഉപദ്രവിക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ അതില്‍ നിന്ന് അയാളെ തടയുന്ന ഒരു സിസ്റ്റവും ഈ നാട്ടില്‍ നിലവിലില്ല. പണവും സ്വാധീനവും ഉള്ള ഒരു സ്ത്രീയുടെ അവസ്ഥയാണിത്. സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ?” – കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സനല്‍കുമാര്‍ ശശിധരനെതിരെ നടി മഞ്ജു വാര്യര്‍ എറണാകുളം മുന്‍സിഫ് കോടതില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകള്‍ അടക്കം നീക്കം ചെയ്യണമെന്നായിരുന്നു ആവശ്യം. മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുന്നത് കോടതി വിലക്കിയതായി അഭിഭാഷക അറിയിച്ചു. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍, ഷാജന്‍ സ്‌കറിയ, മെറ്റ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *