ഐപിഎൽ ക്യാപ്റ്റൻസിയിൽ ധോണിയുടെ നേട്ടം മറികടന്ന് ശ്രേയസ് അയ്യര്‍

ഐപിഎല്ലിൽ തൊടുന്നതെല്ലാം നേട്ടങ്ങളാക്കി മുന്നേറുകയാണ് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യര്‍. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ജേതാക്കളാക്കിയ ശ്രേയസ് ഇത്തവണ പഞ്ചാബ് കിംഗ്സിനൊപ്പമാണ്. ഈ സീസണിൽ കളിച്ച രണ്ട് കളികളിലും തകര്‍പ്പൻ ജയം സ്വന്തമാക്കി സീസണിൽ പഞ്ചാബ് മുന്നേറുകയാണ്. രണ്ട് മത്സരങ്ങളിലും ശ്രേയസ് അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നേടിയ വിജയത്തോടെ ക്യാപ്റ്റൻസിയിൽ ശ്രേയസ് അയ്യര്‍ ധോണിയുടെ നേട്ടം മറികടന്നു. തുടര്‍ച്ചയായി ഏറ്റവും കൂടുതൽ ഐപിഎൽ വിജയങ്ങൾ നേടിയ നായകൻമാരുടെ പട്ടികയിൽ ശ്രേയസ് ധോണിയെ മറികടന്ന് ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്തെത്തി. തുടര്‍ച്ചയായി എട്ടാം മത്സരത്തിലാണ് ശ്രേയസ് തന്‍റെ ടീമിനെ വിജയത്തിലേയ്ക്ക് നയിച്ചത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ തുടര്‍ച്ചയായി 6 മത്സരങ്ങളിൽ വിജയത്തിലേയ്ക്ക് നയിക്കാൻ ശ്രേയസിന് കഴിഞ്ഞിരുന്നു. ഈ സീസണിൽ ശ്രേയസിന് കീഴിൽ പഞ്ചാബ് കിംഗ്സ് കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ചു.

2013ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ധോണി തുടര്‍ച്ചയായി 7 മത്സരങ്ങളിൽ വിജയിപ്പിച്ചിരുന്നു. 2008ൽ രാജസ്ഥാൻ റോയൽസിനെ തുടര്‍ച്ചയായി 8 മത്സരങ്ങളിൽ വിജയിപ്പിച്ച ഷെയ്ൻ വോണിന്റെ റെക്കോര്‍ഡിനൊപ്പമെത്താൻ ശ്രേയസിന് കഴിഞ്ഞു. ഐപിഎല്ലിൽ തുടര്‍ച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച നായകൻ ഗൗതം ഗംഭീറാണ്. 2014, 2015 സീസണുകളിൽ ഗംഭീറിന് കീഴിൽ കൊൽക്കത്ത തുടര്‍ച്ചയായി 10 മത്സരങ്ങളിലാണ് വിജയിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *