കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറല്‍ ലൈഫ് ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിലൂടെ നിക്ഷേപിക്കാനാകുന്ന പുതിയ തീമാറ്റിക് നിക്ഷേപ പദ്ധതിയായ ഇൻഡിജീനിയസ് ഫണ്ട് പുറത്തിറക്കി. ഇന്ത്യയുടെ സാമ്പത്തിക വളർച്ച, തദ്ദേശീയവൽക്കരണം, നൂതനാശയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസുകളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്.
ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം, തദ്ദേശീയവൽക്കരണം, നൂതനാശയങ്ങൾ എന്നീ മൂന്ന് ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ ഫണ്ട് ഒരുക്കിയിരിക്കുന്നത്. ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്മോൾക്യാപ് കമ്പനികളിൽ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങൾ നൽകുന്ന ഒരു ഓപ്പൺ-എൻഡഡ് ഇക്വിറ്റി ഫണ്ടാണിത്. ഇന്ത്യയിലെ മുൻനിര മാർക്കറ്റ് സൂചികകളിലൊന്നായ ബിഎസ്ഇ 500 ആണ് ഈ ഫണ്ടിന്റെ ബെഞ്ച്മാർക്ക്. പുതിയ ഫണ്ട് ഓഫർ ജൂലൈ 10-ന് ആരംഭിച്ചു. ഒരു യൂണിറ്റിന് 10 രൂപയാണ് പ്രാരംഭ നെറ്റ് അസറ്റ് വാല്യൂ.
ഈ ഫണ്ട് പ്രധാനമായും ഇക്വിറ്റി അധിഷ്ഠിത നിക്ഷേപ തന്ത്രമാണ് പിന്തുടരുന്നത്. 80 മുതൽ 100 ശതമാനം വരെ ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലുമായിരിക്കും നിക്ഷേപം നടത്തുക. ബാക്കി തുക ആവശ്യത്തിന് ധനലഭ്യത ഉറപ്പാക്കുന്നതിനായി ക്യാഷ്, മണി മാർക്കറ്റ് പദ്ധതികളിൽ നിക്ഷേപിക്കും.
തിരഞ്ഞെടുക്കപ്പെട്ട ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് യുലിപ് പദ്ധതികളിലൂടെ ഉപഭോക്താക്കൾക്ക് എഎഫ്‌എൽഐ വെൽത്ത് ഗെയിൻ ഇൻഷുറൻസ് പ്ലാൻ, എഎഫ്‌എൽഐ പ്ലാറ്റിനം വെൽത്ത് ബിൽഡർ പ്ലാൻ, എഎഫ്‌എൽഐ പ്രോഗ്രോ പ്ലാൻ, എഎഫ്‌എൽഐ സ്മാർട്ട് ഗ്രോത്ത് പ്ലാൻ എന്നീ ഫണ്ടുകൾ ലഭ്യമാകും.
ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയെ നയിക്കുന്നത് അടിസ്ഥാന സൗകര്യ വികസനം, നിർമ്മാണ മികവ്, സ്വയംപര്യാപ്തത, നവീകരണം എന്നിവയായിരിക്കും. ഇൻഡിജീനിയസ് ഫണ്ട് ഈ തീമുകളെ ഒരൊറ്റ യുലിപ് ഫണ്ടിലേക്ക് കൊണ്ടുവരുന്നു. ലൈഫ് ഇൻഷുറൻസ് പരിരക്ഷയോടൊപ്പം ഉപഭോക്താക്കൾക്ക് അവരുടെ ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നൂതനമായ നിക്ഷേപ മാർഗ്ഗങ്ങൾ നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഏജീസ് ഫെഡറല്‍ ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടർ & സിഇഒ ജൂഡ് ഗോമസ് പറഞ്ഞു.
