ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ.
യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്മോസ്ഫറിക് (എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ആഗസ്റ്റ് മാസങ്ങളിൽ എൽ നിനോ ശക്തിപ്രാപിക്കും. തത്ഫലമായി ഇന്ത്യയിൽ ചൂട് വർധിക്കുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം.
എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്.
