തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എൻഡിഎയുടെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 23-ന് സംസ്ഥാനത്തെത്തും. എൻഡിഎയിലെ എല്ലാ ഘടകകക്ഷി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ചെന്നൈയിലോ മധുരയിലോ വെച്ച് വിപുലമായ പൊതുയോഗം സംഘടിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മധുരയിലാണ് പരിപാടിയെങ്കിൽ, വിവാദങ്ങൾ നിലനിൽക്കുന്ന തിരുപ്പരങ്കുന്ത്രം ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തിയേക്കും. എന്നാൽ മോദിയുടെ ക്ഷേത്ര സന്ദർശനം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കുമോ എന്ന ആശങ്ക എഐഎഡിഎംകെ നേതൃത്വത്തിനുണ്ട്.
പൊതുയോഗത്തിന് മുൻപായി എൻഡിഎ സഖ്യം വിപുലീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി നേതൃത്വം. നടൻ വിജയ്യുമായി നേരത്തെ ചർച്ചകൾ നടത്തിയിരുന്ന എഎംഎംകെ നേതാവ് ടി.ടി.വി. ദിനകരൻ എൻഡിഎ പാളയത്തിലെത്തുമെന്നാണ് സൂചനകൾ. സഖ്യകക്ഷികളെ ഒന്നിപ്പിച്ചു നിർത്തി കരുത്ത് തെളിയിക്കാനാണ് മോദിയുടെ സന്ദർശനത്തിലൂടെ ബിജെപി ശ്രമിക്കുന്നത്
