നമ്മുടെ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന രീതിയിൽ വിപ്ലവകരമായ ഒരു മാറ്റത്തിന് കളമൊരുങ്ങുകയാണ്. ഇന്റർനെറ്റിലെ അശ്ലീല ദൃശ്യങ്ങളിലേക്ക് (Explicit content) കുട്ടികൾ എളുപ്പത്തിൽ എത്തുന്നതിന് തടയിടാൻ ആപ്പിളും ഗൂഗിളും നിർബന്ധിതരായേക്കാം. വെറുമൊരു മുന്നറിയിപ്പിലൊതുങ്ങാതെ, ഉപയോക്താവിന്റെ പ്രായം കൃത്യമായി തെളിയിച്ചാൽ മാത്രം ഇത്തരം സൈറ്റുകളോ ആപ്പുകളോ തുറക്കുന്ന രീതിയിലുള്ള കർശന നിയന്ത്രണമാണ് വരുന്നത്. യുകെയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന ഈ നടപടി ലോകമെമ്പാടുമുള്ള ടെക് ലോകത്ത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, iOS, Android ഉപകരണങ്ങളുടെ പ്ലാറ്റ്‌ഫോം തലത്തിൽ തന്നെ ഈ മാറ്റം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഫോണുകളിൽ ബിൽറ്റ്-ഇൻ ആയിട്ടുള്ള ബയോമെട്രിക് സംവിധാനങ്ങൾ (ഫേസ് ഐഡി, ഫിംഗർപ്രിന്റ്) ഉപയോഗിച്ചോ അല്ലെങ്കിൽ ഗവൺമെന്റ് നൽകിയിട്ടുള്ള ഔദ്യോഗിക ഐഡി കാർഡുകൾ ഉപയോഗിച്ചോ പ്രായം തെളിയിക്കേണ്ടി വരും. മൊബൈൽ ഫോണുകളിൽ ഈ സംവിധാനം പരീക്ഷിച്ച ശേഷം ക്രമേണ ഡെസ്‌ക്‌ടോപ്പ് പിസികളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആപ്പിളിന്റെയും ഗൂഗിളിന്റെയും സ്വന്തം ആപ്പുകളായ iMessage, Google Messages എന്നിവയിൽ മാത്രമല്ല ഈ പ്രായപരിധി പരിശോധന ഉണ്ടാവുക. മറിച്ച്, വാട്സാപ്പ് (WhatsApp), സ്നാപ്ചാറ്റ് (Snapchat) തുടങ്ങി എല്ലാ തേർഡ് പാർട്ടി ആപ്പുകളിലും ഈ നിയന്ത്രണം കൊണ്ടുവരാൻ കമ്പനികൾ കൈകോർക്കേണ്ടി വരും. ഇതിനായി ഡെവലപ്പർ തലത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ചുരുക്കത്തിൽ, ഏത് ആപ്പ് വഴിയായാലും അശ്ലീല ദൃശ്യങ്ങൾ ആക്സസ് ചെയ്യുന്നതിന് മുൻപ് ഉപയോക്താവ് തന്റെ പ്രായം തെളിയിക്കാൻ നിർബന്ധിതനാകും.
നിലവിൽ ഇത്തരം സൈറ്റുകൾക്ക് ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അവ മറികടക്കുക എന്നത് വളരെ എളുപ്പമാണ്. എന്നാൽ പുതിയ സംവിധാനം കൂടുതൽ സുരക്ഷിതമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നു.
ഇത് വലിയൊരു വെല്ലുവിളിയാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയെ ഇത് എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് സുരക്ഷാ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്ത് യൂറോപ്യൻ യൂണിയൻ തന്ത്രത്തിന് സമാനമായ നിയന്ത്രണങ്ങൾ സാധാരണമാകാനാണ് സാധ്യത.
