Home » Blog » Kerala » എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കുക എന്ന വലിയ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്- മന്ത്രി കെ രാജൻ
K.Rajan

അർഹരായ എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കുക എന്ന വലിയ ദൗത്യമാണ് സർക്കാർ ഏറ്റെടുത്തതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. എറണാകുളം ഫൈൻ ആർട്ട്സ് ഹാളിൽ എറണാകുളം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

കേരളത്തിലെ റവന്യൂ വകുപ്പ് ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൂടെ കടന്നു പോകുന്ന ഒരു കാലമാണിത്. സമീപ ഭൂതകാല ചരിത്രത്തിൽ അത്ഭുതകരമായ മാറ്റം ഉണ്ടാക്കിക്കൊണ്ട് പട്ടയങ്ങളുടെ വിതരണത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സർക്കാരിന് സാധിച്ചു. പട്ടയ മിഷനിലൂടെ അത്ഭുതകരമായ മാറ്റമാണ് സാധ്യമായതെന്നും മന്ത്രി പറഞ്ഞു. നാലര ലക്ഷം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞു.

 

ഡിജിറ്റൽ റീസർവേയിലൂടെ 10 ലക്ഷത്തിലധികം ഭൂമി അളന്നു തിട്ടപ്പെടുത്തി. ഭൂമിയുടെ വ്യവഹാരത്തിൽ ജനങ്ങൾ പറ്റിക്കപ്പെടാത്ത വിധത്തിൽ പ്രവർത്തനങ്ങളെ കോഡീകരിക്കാൻ കഴിഞ്ഞു. ഇ- ട്രഷറി ഓപ്പൺ ചെയ്തതോടെ

ഇന്ത്യക്ക് പുറത്ത് 10 രാജ്യങ്ങളിൽ അവിടെയിരുന്നു ചെയ്യാൻ പറ്റുന്ന വിധത്തിൽ റവന്യൂ വകുപ്പിൻ്റെ സംവിധാനങ്ങൾ കൂടുതൽ സുഗമമായി .

 

കേരളത്തിലെ വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാകേണ്ട 21-ഓളം സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപേക്ഷിക്കാനുള്ള സാധ്യതയും ഉണ്ടായി. പുതിയ 673 സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. 400-ൽ ഏറെ വില്ലേജുകൾ മെയിൻ്റനൻസിലൂടെയും, അറ്റകുറ്റപ്പണികളുടെയും, സ്മാർട്ട് ഓഫീസുകളായി മാറി. 283 ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സ്മാർട്ട് ഓഫീസുകൾക്ക് സാധിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലുള്ള ഏഴ് സെൻ്റ് സ്ഥലത്താണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ കണയന്നൂർ താലൂക്ക് ഓഫീസിലെ ഒറ്റ മുറിയിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.

 

ചടങ്ങിൽ ടി. ജെ വിനോദ് എം എൽ എ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ കെ.വി. പി കൃഷ്ണകുമാർ, വാർഡ് കൗൺസിലർമാരായ സുധ ദിലീപ്കുമാർ, അഗസ്റ്റിൻ സെബാസ്റ്റ്യൻ, ജലജ എസ്. ആചാര്യ, ആൽബർട്ട് അമ്പലത്തിങ്കൽ, കെ. എക്സ് ഫ്രാൻസിസ്, കണയന്നൂർ തഹസിൽദാർ ഡി. വിനോദ്, എറണാകുളം വില്ലേജ് ഒഫീസർ സജി എന്നിവർ പങ്കെടുത്തു.