Home » Blog » Kerala » “എല്ലാം ടീം യുഡിഎഫിന്റെ കഠിനാധ്വാനഫലം; ചെന്നിത്തലയും കെ.സിയും എൻ്റെ നേതാക്കൾ, അവരെ വിശ്വാസത്തിലെടുക്കും” – വി.ഡി സതീശൻ
6

തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത് ടീം യുഡിഎഫ് ആണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കഠിനാധ്വാനം ചെയ്ത ലക്ഷകണക്കിന് യുഡിഎഫ് പ്രവർത്തകരാണ് തന്നെ ഇതിന് പ്രാപ്തനാക്കിയത്. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എഐസിസി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു വിഡി.

അംഗീകാരം വ്യക്തിപരമായി കിട്ടിയതല്ല. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയേയും എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനേയും പൂർണമായി വിശ്വാസത്തിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ സഹായിച്ചത് എഐസിസിയാണ്. അത് കേരളത്തിൽ നടപ്പാക്കാൻ സഹായിച്ചത് കെ.സി വേണുഗോപാലാണ്. രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും എൻ്റെ നേതാക്കളാണ്. മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് വൈകലുണ്ടായിട്ടില്ല. പ്രൊസസ് മാത്രമാണ് നടന്നത്. കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കാതെയുള്ള രമേശ് ചെന്നിത്തലയുടെ മടക്കത്തെ കുറിച്ച് വി.ഡി സതീശൻ പ്രതികരിച്ചില്ല.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലും ഘടകകക്ഷി നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വി.ഡി സതീശൻ നന്ദി അറിയിച്ചു. “കേരളം സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. വെല്ലുവിളികളെ നേരിടാൻ ജനങ്ങൾ ഒരുമിച്ച് നിൽക്കണം. പ്രതിപക്ഷത്തിന്റെ പിന്തുണയും താൻ ആവശ്യപ്പെടുന്നു. എല്ലാവരും ചേർന്നുള്ള പ്രവർത്തനത്തിന് മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ.” – എന്നും അദ്ദേഹം പറഞ്ഞു.