Home » Blog » Kerala » എബോള വ്യാപനം രൂക്ഷം; ആഫ്രിക്കൻ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതായി ഡബ്ല്യു.എച്ച്.ഒ
samakalikamalayalam_2026-05-25_wwdrb01a_Ebola-outbreak

ആഫ്രിക്കൻ രാജ്യങ്ങളായ ഡി.ആർ.കോംഗോയിലും ഉഗാണ്ടയിലും എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നതായി ലോകാരോഗ്യ സംഘടന. ഡി.ആർ. കോംഗോയിൽ രോഗബാധിതരുടെ എണ്ണം 2,473 കടന്നപ്പോൾ ഇതിൽ 999 മരണങ്ങൾ സ്ഥിരീകരിച്ചു. അയൽരാജ്യമായ ഉഗാണ്ടയിൽ 20-ലേറെ പേർക്ക് രോഗം ബാധിക്കുകയും 2 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 

ഉഗാണ്ടയിൽ കണ്ടെത്തിയ കേസുകളിൽ ഭൂരിഭാഗവും അതിർത്തി കടന്നെത്തിയ കോംഗോ പൗരന്മാരാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയായി ഉഗാണ്ടയിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നുണ്ടെങ്കിലും രോഗവ്യാപനം പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ കോംഗോയിലെ ഇൻസിഡന്റ് മാനേജർ തിയെർണോ ബാൾഡ് അറിയിച്ചു.

 

പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്ത ബൂൻഡി ബുഗ്യോ എന്ന അപൂർവ്വ എബോള വകഭേദമാണ് നിലവിലെ വ്യാപനത്തിന് കാരണം. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. (സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ). 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ വലിയ എബോള വ്യാപനത്തിൽ 28,600-ലേറെ പേരെ രോഗം ബാധിച്ചിരുന്നു. 1976-ൽ വൈറസ് തിരിച്ചറിഞ്ഞ ശേഷമുള്ള ഏറ്റവും വലിയ മഹാമാരിയായിരുന്നു അത്. കോംഗോയിൽ 2018-2020 കാലഘട്ടത്തിൽ എബോള ബാധിച്ച് 2,300-ലേറെ പേർ മരണപ്പെട്ടിരുന്നു.