Home » Blog » kerala Max » ​”എന്നെ തകർക്കാൻ നോക്കുന്നത് രാഷ്ട്രീയ ശത്രുക്കൾ”; വ്യക്തിജീവിതത്തിലെ വിവാദങ്ങളിൽ മനസ് തുറന്ന് വിജയ്!
VIJAY-D

രാഷ്ട്രീയ എതിരാളികൾ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും തകർക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണവുമായി തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനും നടനുമായ വിജയ്. നടി തൃഷയുമായുള്ള ബന്ധത്തെക്കുറിച്ചും ഭാര്യ സംഗീതയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ചും ആദ്യമായാണ് വിജയ് ഒരു പൊതുവേദിയിൽ മനസ് തുറക്കുന്നത്. തിരുനെൽവേലിയിൽ നടന്ന കൂറ്റൻ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം കരൂരിൽ നടന്ന റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവം തന്നെ തളർത്താൻ രാഷ്ട്രീയ ശത്രുക്കൾ ഉപയോഗിച്ചതായി വിജയ് ആരോപിച്ചു. “ആ ദുരന്തത്തിൽ പോലും എന്നെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിച്ചത്. എന്നാൽ ജനങ്ങൾ എന്റെ ഒപ്പം നിന്നു. ഇത്രയേറെ ഭാരങ്ങൾ ചുമലിലുണ്ടായിട്ടും ജനങ്ങൾ എനിക്ക് നൽകുന്ന പിന്തുണ അത്ഭുതപ്പെടുത്തുന്നതാണ്,” വിജയ് പറഞ്ഞു.

Also Read: അമേരിക്ക – ഇറാൻ വെടിനിർത്തൽ; സ്വാഗതം ചെയ്ത് ഇന്ത്യ

തന്റെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് തടയാൻ ആസൂത്രിത നീക്കം നടന്നതായും അദ്ദേഹം ആരോപിച്ചു. സെൻസറിംഗ് വൈകിപ്പിച്ചും പുതിയ നിയമങ്ങൾ അടിച്ചേൽപ്പിച്ചും തന്നെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ശ്രമമെന്നും, സിനിമയുടെ റിലീസ് തടഞ്ഞവർ ആരാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും വിജയ് കൂട്ടിച്ചേർത്തു.

ഏറ്റവും ഒടുവിൽ തന്റെ വ്യക്തിജീവിതത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടക്കുന്നതെന്ന് വിജയ് വൈകാരികമായി പ്രതികരിച്ചു. “മറ്റൊന്നും വിജയിക്കാതായപ്പോൾ, തിരഞ്ഞെടുപ്പിന് കൃത്യം ഒരു മാസം മുൻപ് എന്റെ കുടുംബത്തെയും എന്നോട് അടുപ്പമുള്ളവരെയും കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചു. മൂന്ന് പതിറ്റാണ്ടുകാലത്തെ ബന്ധത്തെപ്പോലും അവർ രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴച്ചു.”

ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന വാർത്തകളും, തൃഷയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള വിവാദങ്ങളും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തിൽ തൃഷയോടൊപ്പം ഒരു വിവാഹ ചടങ്ങിൽ വിജയ് പങ്കെടുത്തത് വലിയ രീതിയിൽ വാർത്തയായിരുന്നു.

എത്ര പരീക്ഷണങ്ങളും വേദനകളും നേരിടേണ്ടി വന്നാലും തമിഴ് ജനതയുമായുള്ള തന്റെ ബന്ധം തകർക്കാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തന്നെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തവർ വ്യക്തിഹത്യക്ക് മുതിരുന്നത് ഭീരുത്വമാണെന്നും ടി.വി.കെ അധ്യക്ഷൻ തുറന്നടിച്ചു.

തമിഴ്നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ വിജയ്‌യുടെ ഈ വൈകാരിക പ്രതികരണം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.