തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിഷു ആഘോഷത്തിനിടെ വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി അനുശ്രീയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പച്ചത്തെറി വിളിച്ചുകൊണ്ടാണ് പ്രതികരണം, ആർക്കും ആരെയും എന്തും ചെയ്യാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ചോദിക്കുന്നു.
“‘വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ…. ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? എന്തു നിയമങ്ങളാണ് ഇവിടെ ഉള്ളത്?? ആർക്കുവേണ്ടിയാണ് നിയമങ്ങൾ?? കഷ്ടം തന്നെ… കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ…ദൈവത്തിന്റെ സ്വന്തം നാട്.’’ – എന്നായിരുന്നു അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മുക്കോലയിലെ ബാറിന് മുന്നിലെ റോഡിൽ മദ്യലഹരിയിൽ സഹോദരങ്ങൾ ചേർന്ന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആൾക്കൂട്ടം നോക്കിനിൽക്കെയായിരുന്നു സംഭവം. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
