എസ്ബിഐ ഉപഭോക്താക്കൾക്ക് എടിഎം ഇടപാടുകളിൽ പുതിയ നിയന്ത്രണങ്ങളും ചാർജ് വർദ്ധനവും നിലവിൽ വന്നു. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്ന സേവിങ്സ്, സാലറി, കറന്റ് അക്കൗണ്ട് ഉടമകളെയാണ് ഈ പരിഷ്കാരം പ്രധാനമായും ബാധിക്കുന്നത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഓരോ ഇടപാടിനും നൽകേണ്ട തുകയിൽ വർദ്ധനവുണ്ടായി.
ഇന്റർചേഞ്ച് ഫീസ് വർദ്ധിച്ചതിനെത്തുടർന്ന് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന നിരക്കുകളിലാണ് എസ്ബിഐ മാറ്റം വരുത്തിയത്. ഓരോ വിഭാഗം അക്കൗണ്ടുകൾക്കും ബാധകമായ പുതിയ മാറ്റങ്ങൾ ഇവയാണ്.
സേവിങ്സ് അക്കൗണ്ട്: സാധാരണ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം 5 സൗജന്യ ഇടപാടുകൾ തുടരാം. എന്നാൽ ഈ പരിധി കഴിഞ്ഞാൽ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നൽകണം. നേരത്തെ ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു.
സാലറി അക്കൗണ്ട്: സാലറി അക്കൗണ്ട് ഉടമകൾക്ക് വലിയൊരു നിയന്ത്രണമാണ് പുതിയ പരിഷ്കാരത്തിലൂടെ വന്നിരിക്കുന്നത്. മുൻപ് ഇവർക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ എത്ര ഇടപാടുകൾ വേണമെങ്കിലും സൗജന്യമായി നടത്താമായിരുന്നു. എന്നാൽ ഇനി മുതൽ പ്രതിമാസം 10 ഇടപാടുകൾ മാത്രമേ സൗജന്യമായി ലഭിക്കൂ. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നൽകേണ്ടി വരും.
കറന്റ് അക്കൗണ്ട്: കറന്റ് അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ വഴി ഒരു സൗജന്യ ഇടപാടും ലഭിക്കില്ല. ആദ്യത്തെ ഇടപാട് മുതൽ 23 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കുന്നതാണ്.
മാറ്റമില്ലാത്ത വിഭാഗങ്ങൾ: കിസാൻ ക്രെഡിറ്റ് കാർഡ്, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്ക് നിലവിൽ മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിക്കുന്നതിന് പരിധിയോ ചാർജ് വർദ്ധനവോ ബാധകമല്ല.
