കൊച്ചി: എടയാർ വ്യവസായ മേഖലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ കർശന നടപടി. ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് വകുപ്പ് കമ്പനിയുടെ പ്രവർത്തനം നിരോധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എടയാറിലെ സി ജി ലൂബ്രിക്കന്റ്സ് കമ്പനിയിൽ ഉണ്ടായ തീപിടിത്തത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചിരുന്നു. ബോയ്ലറിൽ ഉണ്ടായ ചോർച്ചയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നിർദേശപ്രകാരം അന്വേഷണം ശക്തമാക്കി. തുടർന്ന് ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ് ആലുവ ഇൻസ്പെക്ടർ കെ.ആർ. ഷാജികുമാർ നടത്തിയ പരിശോധനയിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തി. ആറ് മാസം മുമ്പ് നടത്തിയ പരിശോധനയിൽ ബോയ്ലറിന്റെ കോയിൽ പരിശോധന ഉൾപ്പെടെ 14 നിർദേശങ്ങൾ നൽകിയിരുന്നുവെങ്കിലും അവ ഒന്നും പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ തീപിടിത്തത്തിൽ കമ്പനി കനത്ത നാശനഷ്ടം നേരിട്ടിരിക്കുകയാണ്. പുനഃസ്ഥാപന പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിവിധ വകുപ്പുകളുടെ സമഗ്ര പരിശോധനയ്ക്ക് ശേഷം മാത്രമേ കമ്പനിക്ക് വീണ്ടും പ്രവർത്തനാനുമതി ലഭിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.
