കൊല്‍ക്കത്ത: രാജ്യസഭാ എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ കാലാവധി പൂര്‍ത്തിയായതോടെ പശ്ചിമ ബംഗാളില്‍ സിപിഎമ്മിന് എംപിമാരോ എംഎല്‍എമാരോ ഇല്ലാത്ത അവസ്ഥ. ബംഗാളില്‍ നിന്നുള്ള ഏക സിപിഎം എംപിയായിരുന്ന ബികാഷ് രഞ്ജൻ ഭട്ടാചാര്യ. ഇദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ഏപ്രില്‍ രണ്ടിനു അവസാനിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഒരംഗത്തെ പോലും ബംഗാളില്‍ നിന്ന് വിജയിപ്പിക്കാന്‍ പതിറ്റാണ്ടുകളായി അധികാരത്തിലിരുന്ന സിപിഎമ്മിന് സാധിച്ചിരുന്നില്ല.
കൊല്‍ക്കത്ത മുന്‍ മേയര്‍ കൂടിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ 2020 ഏപ്രിലിലാണ് രാജ്യസഭാംഗമായത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഒരു സ്ഥാനാര്‍ഥിക്ക് പോലും വിജയിക്കാനായില്ല. ഇതോടെ രാജ്യസഭയിലേക്ക് വീണ്ടും അംഗത്തെ അയക്കാനുള്ള അംഗബലവുമുണ്ടായില്ല. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഒരു സ്ഥാനാര്‍ഥി പോലും വിജയിച്ചില്ല. ഇതോടെയാണ് ബംഗാളില്‍ നിന്ന് പാര്‍ലമെന്റിലും നിയമസഭയിലും സിപിഎമ്മിന് പ്രതിനിധിയില്ലാതെ പോയത്. നിയമസഭയില്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ അനുസ്മരണത്തില്‍ സംസാരിക്കാന്‍ ഒരു സിപിഎം അംഗം പോലുമില്ലാത്ത സാഹചര്യം പാര്‍ട്ടിക്കുണ്ടായിരുന്നു.
1977ല്‍ 178 സീറ്റ് നേടിയാണ് സിപിഎം ബംഗാളില്‍ അധികാരത്തിലെത്തിയത്. തുടര്‍ന്നുള്ള നാല് നിയമസഭകളിലും വന്‍ വിജയം നേടി ജ്യോതി ബസു മുഖ്യമന്ത്രിയായി തുടര്‍ന്നു. 2001 മുതല്‍ 2011 വരെ ബുദ്ധദേവ് ഭട്ടാചാര്യയാണ് മുഖ്യമന്ത്രി സ്ഥാനത്തുണ്ടായിരുന്നത്. 2011 തെരഞ്ഞെടുപ്പിലാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ അധികാരം പിടിച്ചത്. അന്ന് 40 സീറ്റിലാണ് സിപിഎം വിജയിച്ചത്. പിന്നീട് ബംഗാളില്‍ സിപിഎമ്മിന് ഒരു തിരിച്ചുവരവുണ്ടായില്ല. 2016ല്‍ 26 സീറ്റിലേക്ക് ഒതുങ്ങിയ സിപിഎമ്മിന്, കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച 2021ല്‍ ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. ഇത്തവണ കോണ്‍ഗ്രസ് സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്.
