Home » Blog » kerala Max » എ. പദ്മകുമാറിന്റെ സസ്‌പെൻഷൻ നീട്ടുന്നതിൽ തീരുമാനം കുറ്റപത്രത്തിന് ശേഷം

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പത്തനംതിട്ടയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവുമായ എ. പദ്മകുമാറിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കി സിപിഎം. കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന നിലപാടാണ് ഇപ്പോൾ പാർട്ടി കൈക്കൊണ്ടിരിക്കുന്നത്. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് കർശന നടപടി ഉണ്ടാകുമെന്ന് പാർട്ടി വ്യക്തമാക്കുന്നുണ്ടെങ്കിലും, നടപടി വൈകുന്നതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുണ്ടെന്നാണ് സൂചന.

പദ്മകുമാറിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചാൽ, പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ പങ്കും മറ്റ് രഹസ്യങ്ങളും വെളിപ്പെടുത്തിക്കൊണ്ട് താൻ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി സിപിഎം നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി. പദ്മകുമാറിനെ പുറത്താക്കാനുള്ള നീക്കം പിന്നീട് സസ്പെൻഷനിലേക്ക് ഒതുങ്ങിയതിന് പിന്നിൽ ഈ ഭീഷണി വലിയൊരു ഘടകമായി മാറിയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. ആത്മകഥയിലെ വെളിപ്പെടുത്തലുകൾ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ ഔദ്യോഗിക വിശദീകരണം.

കേസ് തുടങ്ങിയ സമയത്ത് പദ്മകുമാറിനെ ന്യായീകരിച്ച് നിലപാട് സ്വീകരിച്ചിരുന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്, പിന്നീട് അദ്ദേഹത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലേക്ക് മാറിയിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ ശക്തമായ നടപടി അനിവാര്യമാണെന്ന് യോഗത്തിൽ നിരവധി നേതാക്കൾ വാദിച്ചു. എങ്കിലും പദ്മകുമാർ ഉയർത്തിയ വെളിപ്പെടുത്തൽ ഭീഷണിക്ക് മുന്നിൽ നേതൃത്വം വഴങ്ങുകയായിരുന്നു. തുടർന്ന് പുറത്താക്കൽ നടപടിക്ക് പകരം സസ്പെൻഷൻ തീരുമാനത്തിലേക്ക് മാറുകയും, ഇത് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.