Home » Blog » Kerala » ഊർജ പ്രതിസന്ധിയിൽ പിന്തുണയുമായി റഷ്യ; ഇന്ത്യയിലേക്കുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി അളവ് വർദ്ധിപ്പിക്കും
5

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കയറ്റുമതി വർധിപ്പിക്കാൻ തയ്യാറാണെന്ന് റഷ്യ. ഇന്ത്യ സന്ദർശിച്ച റഷ്യയുടെ പ്രഥമ ഉപാധ്യക്ഷൻ ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

ആഗോള ഊർജ പ്രതിസന്ധി ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ സുസ്ഥിരമായി നിറവേറ്റാൻ റഷ്യൻ കമ്പനികൾക്ക് ശേഷിയുണ്ടെന്ന് മാന്തുറോവ് വ്യക്തമാക്കി. ഊർജ മേഖലക്ക് പുറമെ വള വിതരണത്തിലും സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷാവസാനത്തോടെ ഇന്ത്യയിലേക്കുള്ള ധാതുവളങ്ങളുടെ വിതരണത്തിൽ നാല്പത് ശതമാനം വരെ വർധനവ് രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കാർഷിക മേഖലയിലെ ദീർഘകാല സഹകരണം ലക്ഷ്യമിട്ട് യൂറിയ ഉൽപ്പാദനത്തിനായുള്ള സംയുക്ത പദ്ധതിയും പുരോഗമിക്കുന്നതായി റഷ്യൻ പ്രതിനിധി അറിയിച്ചു. കൂടാതെ, ആണവോർജ മേഖലയിൽ സഹകരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിലെ പുതിയ യൂണിറ്റുകളുടെ നിർമ്മാണം നിശ്ചിത സമയക്രമപ്രകാരം മുന്നേറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.