Home » Blog » Business » ഊബര്‍ യാത്രയിലൂടെയും സൂപ്പര്‍ കോയിന്‍ സ്വന്തമാക്കാം; ഫ്ളിപ്കാര്‍ട്ട് – ഊബര്‍ സഹകണം
15
തിരുവന്തപുരം: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് പ്രമുഖ യാത്രാ സേവന ദാതാക്കളായ ഊബറുമായി ചേര്‍ന്നുള്ള പുതിയ സഹകരണത്തിന് തുടക്കമിട്ടതോടെ ഇനി മുതല്‍ ഊബര്‍ യാത്രകളിലും ഫ്ളിപ്കാര്‍ട്ട് സൂപ്പര്‍ കോയിനുകള്‍ നേടാം. സൂപ്പര്‍ കോയിന്‍ പദ്ധതിയെ സമഗ്രമായ ‘ലൈഫ് സ്റ്റൈല്‍ ലോയല്‍റ്റി പ്രോഗ്രാമാക്കി’ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദൈനംദിന യാത്രകള്‍ക്കൊപ്പം അധിക ലാഭം ഉറപ്പാക്കാനും ഈ പങ്കാളിത്തത്തിലൂടെ സാധിക്കും.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഫ്ളിപ്കാര്‍ട്ട്, ഊബര്‍ അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ ഓരോ ഊബര്‍ യാത്രയ്ക്കും യാത്രാക്കൂലിയുടെ നാല് ശതമാനം സൂപ്പര്‍ കോയിനുകളായി തിരികെ ലഭിക്കും. ഒരു യാത്രയില്‍ പരമാവധി 150 സൂപ്പര്‍ കോയിനുകള്‍ വരെ ലഭിക്കും. എന്നാല്‍ ഒരാള്‍ക്ക് ആകെ നേടാവുന്ന പോയിന്‍റുകള്‍ക്ക് പരിധിയില്ല. ലഭിക്കുന്ന സൂപ്പര്‍ കോയിനുകള്‍ ഉപഭോക്താവിന്‍റെ ഫ്ളിപ്കാര്‍ട്ട് അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. ഇങ്ങനെ ലഭിക്കുന്ന കോയിനുകള്‍ ഫ്ളിപ്കാര്‍ട്ട് പ്ലാറ്റ്ഫോമില്‍ മാത്രമല്ല, ഫ്ളിപ്കാര്‍ട്ട് മിനിറ്റ്സ് ക്ലിയര്‍ട്രിപ്പ് എന്നിവടങ്ങളിലും മറ്റ് പങ്കാളിത്ത ബ്രാന്‍ഡുകളിലും ഷോപ്പിംഗിനായി ഉപയോഗിക്കാവുന്നതാണ്.
ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി പരിമിതകാല ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുതായി ഊബര്‍ ഉപയോഗിക്കുന്നവര്‍ക്കും കഴിഞ്ഞ 84 ദിവസമായി ഊബര്‍ ആപ്പ് ഉപയോഗിക്കാത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഫ്ളിപ്കാര്‍ട്ട്-ഊബര്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ച് 28 ദിവസത്തിനുള്ളില്‍ ആദ്യ യാത്ര പൂര്‍ത്തിയാക്കിയാല്‍ 150 ബോണസ് സൂപ്പര്‍ കോയിനുകള്‍ സ്വന്തമാക്കാം. 2026 ഏപ്രില്‍ 15-നും ഏപ്രില്‍ 30-നും ഇടയില്‍ അക്കൗണ്ടുകള്‍ ലിങ്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍ ലഭ്യമാണ്. ഇവര്‍ 28 ദിവസത്തിനുള്ളില്‍ ആദ്യ യാത്ര പൂര്‍ത്തിയാക്കുകയാണെങ്കില്‍ അധികമായി 50 ബോണസ് സൂപ്പര്‍ കോയിനുകള്‍ കൂടി ലഭിക്കും.
സൂപ്പര്‍കോയിന്‍ ദൈനംദിന ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വിപുലമായ ഒരു റിവാര്‍ഡ് സംവിധാനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ ദൈനംദിന ഇടപാടുകളുമായി കൂടുതല്‍ സുഗമമായി സംയോജിപ്പിക്കാന്‍ ഊബറുമായുള്ള ഈ പങ്കാളിത്തം സഹായിക്കുന്നു. വരും കാലങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് സൂപ്പര്‍കോയിന്‍ വ്യാപിപ്പിക്കാനും അതുവഴി ഈ ശൃംഖലയുമായുള്ള ഉപഭോക്താക്കളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും ലക്ഷ്യമിടുന്നുവെന്ന് ഫ്ളിപ്കാര്‍ട്ട് പേയ്മെന്‍റ്സ് ആന്‍ഡ് സൂപ്പര്‍കോയിന്‍സ് വൈസ് പ്രസിഡന്‍റ് ഗൗരവ് അറോറ പറഞ്ഞു.
ഊബറിനെ സംബന്ധിച്ചിടത്തോളം ദൈനംദിന യാത്രകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുഗമവും മൂല്യമുള്ളതുമാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഫ്ളിപ്കാര്‍ട്ടുമായുള്ള ഈ സഹകരണത്തിലൂടെ യാത്രക്കാര്‍ക്ക് അനായാസമായി കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കുന്നു. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ പങ്കാളിത്തം സഹായിക്കുമെന്ന് ഊബര്‍ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ അര്‍ണബ് കുമാര്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ നിത്യേന ഉപയോഗിക്കുന്ന രണ്ട് വലിയ പ്ലാറ്റ്ഫോമുകളെയാണ് ഈ പങ്കാളിത്തത്തിലൂടെ ഒരുമിച്ച് കൊണ്ടുവരുന്നത്. യാത്രകള്‍ പോലുള്ള ദൈനംദിന ആവശ്യങ്ങളിലും റിവാര്‍ഡുകള്‍ ലഭ്യമാക്കുന്നു. ഉപഭോക്താക്കള്‍ വിവിധ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നും അവര്‍ക്ക് ലഭിക്കേണ്ട മൂല്യം കൂടുതല്‍ സുഗമമായി ലഭ്യമാക്കുന്ന വിപുലമായ മാറ്റമാണിത്.