ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. അമ്മാവന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന മാതാവിനെ ശുശ്രൂഷിക്കാനും 15 ദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്നാശ്യപ്പെട്ടാണ് ഉമര്‍ ഖാലിദ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് കര്‍ശന ഉപാധികളോടെ മൂന്ന് ദിവസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.
ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം നല്‍കിയത്. സഹാനുഭൂതിയുടെ പുറത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യ കാലയളവില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും നിര്‍ദേശിച്ചു.
ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. അമ്മാവന്റെ മരണാനന്തര ചടങ്ങളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമല്ലെന്നും അമ്മയുടേത് നിസ്സാര ശസ്ത്രക്രിയ മാത്രമാണെന്നും ഡല്‍ഹി പൊലീസ് വാദിച്ചിരുന്നു. ഇത് അംഗീകരിച്ച് വിചാരണക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. എന്നാൽ, വിചാരണ തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കടുത്ത വിയോജിപ്പുമായി സുപ്രിംകോടതി രംഗത്തെത്തിയിരുന്നു.
ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രിംകോടതിയുടെ മറ്റൊരു ബെഞ്ചിന്റെ ഉത്തരവിലാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്‌നയും ഉജ്ജല്‍ ഭുയനും കഴിഞ്ഞയാഴ്ച അതൃപ്തി രേഖപ്പെടുത്തിയത്. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതിന് തൊട്ടുപിന്നാലെ വിചാരണക്കോടതി ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറില്‍ ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. വിചാരണ തടവുകാരനായി ജയിലില്‍ തുടരുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്‌ക്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു.
