Home » Blog » Kerala » ഉഭയസമ്മതത്തോടെയുള്ള ലിവ്- ഇൻ ബന്ധത്തിൽ പുരുഷൻ കുറ്റക്കാരനല്ല; സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ടും രണ്ടാണെന്നും അലഹബാദ് ഹൈക്കോടതി
9

അലഹബാദ്: പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെയുള്ള ലിവ്- ഇൻ ബന്ധത്തിൽ വിവാഹിതനായ പുരുഷനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ദമ്പതികൾ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹർജിയിൽ വാദം കേൾക്കവേയാണ് കോടതിയുടെ സുപ്രധാന വിധി. സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ടും രണ്ടാണെന്നും കോടതി പ്രസ്താവിച്ചു. ജസ്റ്റിസ് ജെ.ജെ. മുനീറും ജസ്റ്റിസ് തരുൺ സക്സേനയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കേസിൽ പ്രാഥമികമായി പരിശോധിക്കുമ്പോൾ കുറ്റകരമായ യാതൊരു പ്രവൃത്തിയും പുരുഷന്റെ ഭാ​ഗത്തുനിന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹർജിക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം നൽകി. കൂടാതെ, സ്ത്രീയുടെ കുടുംബാംഗങ്ങൾ ദമ്പതികൾക്ക് എതിരെ ഭീഷണി മുഴക്കുകയോ, ഹാനികരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും കോടതി കർശനമായി ഉത്തരവിട്ടു. മാത്രമല്ല, സ്ത്രീയുടെ കുടുംബാംഗങ്ങൾ അവരുടെ വാസസ്ഥലത്ത് പ്രവേശിക്കുകയോ നേരിട്ടോ, ഫോൺ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ, മൂന്നാം വ്യക്തികളിലൂടെ ബന്ധപ്പെടുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു.

ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വം പ്രാദേശിക പോലീസ് മേധാവിക്ക് ഏൽപ്പിക്കുകയും ചെയ്തു. കേസ് ഏപ്രിൽ 8-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സാമൂഹിക അഭിപ്രായമോ, ധാർമ്മികതയോ അനുസരിച്ച് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.