ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു, ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ചു പഴയതും കേടായതുമായ മൊബൈൽ ഫോൺ നല്‍കി കബളിപ്പിക്കുകയും അതു തിരികെ എടുത്ത ശേഷം പണം തിരികെ നല്‍കാതിരുന്ന ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ചെന്നൈ ആസ്ഥാനമായ ലാപ്‌ടോപ്‌സോൺ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്.

2023 ഏപ്രിലിൽ, കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പൻ ഓൺലൈനിലൂടെ 55,000/- രൂപക്ക് വാങ്ങിയ സാംസങ് ഗാലക്സി S21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും നേരത്തെ ഉപയോഗിച്ചതുമായ പഴക്കവും കണ്ടെത്തിയിരുന്നു. അധികമായി ഓർഡർ ചെയ്ത ആക്സസറികളും ഫോണിനൊപ്പം ഉണ്ടായിരുന്നില്ല.

എതിർ കക്ഷി ആദ്യം പണം തിരികെ നൽകാൻ വിസമ്മതിച്ചെങ്കിലും പിന്നീട് കൈപ്പറ്റിയ ഫോൺ തിരികെ അയക്കാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെട്ടത്. ഉപഭോക്താവ് ഫോണും കവർ ലെറ്ററും കോറിയറിൽ അയച്ചുവെങ്കിലും പണം തിരികെ നൽകുന്നതിൽ എതിർകക്ഷി വീഴ്ചവരുത്തുകയും ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

വിശ്വാസവഞ്ചനയിലൂടെ ഉപഭോക്താവിനെ കബളിപ്പിച്ചത് അധാർമ്മിക വ്യാപാര രീതിയാണ് ഓൺലൈൻ വ്യാപാരി അനുവർത്തിച്ചത്. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന്‌ ഡി.ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഫോണിൻ്റെ വിലയായ 55,000/- രൂപയും നഷ്ടപരിഹാരം കോടതി ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് ഉത്തരവ് നൽകി

പരാതിക്കാരന് വേണ്ടി അഡ്വ: സിജോ ജോർജ് കോടതിയിൽ ഹാജരായി.

More From Author

Leave a Reply

Your email address will not be published. Required fields are marked *