നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ നവാസ് അടുത്തിടെ ഹൃദയാഘാതം മൂലം വിടവാങ്ങിയത് സിനിമാ ലോകത്തിന് ഞെട്ടലായിരുന്നു. നവാസിൻ്റെയും ഭാര്യ രഹ്നയുടെയും ഇരുപത്തിമൂന്നാം വിവാഹവാർഷിക ദിനത്തിൽ മക്കൾ പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നവാസിൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് മക്കളുടെ ഹൃദയസ്പർശിയായ വാക്കുകളുള്ളത്. ഈ വീഡിയോയിൽ നവാസ് തന്നെ ആലപിച്ച ഗാനവും, ഇരുവരും ചേർന്ന് നട്ട ചെടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മക്കളുടെ വാക്കുകൾ
‘പ്രിയരേ, ഉമ്മിച്ചിക്ക് ഇഷ്ടപ്പെട്ട പാട്ട് വാപ്പിച്ചി പാടി കൊടുത്തതും വാപ്പിച്ചി തന്നെ എഡിറ്റ് ചെയ്തതുമായ വീഡിയോ ആണിത്. ഇന്ന് ഒക്ടോബർ 27, വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും വിവാഹ വാർഷികമാണ്. ഓരോ വിവാഹ വാർഷികത്തിനും രാവിലെ രണ്ടുപേരും ഒരുമിച്ച് ഫ്രൂട്ട്സിന്റെ തൈകൾ നടാറുണ്ട്. ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. വാപ്പിച്ചിയായിരുന്നു ഉമ്മിച്ചിയുടെ ലോകം, ബെസ്റ്റ് ഫ്രണ്ട്. വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, ടിവി കാണില്ല, വാപ്പിച്ചിയില്ലാതെ ഒരു കല്യാണത്തിനുപോലും പോവാറില്ല. വാപ്പച്ചി വർക്ക് കഴിഞ്ഞ് തിരിച്ചെത്തുംവരെ ഉമ്മിച്ചി പ്രാർഥിച്ചുകൊണ്ടേയിരിക്കും
‘വാപ്പിച്ചിയും അടുക്കളയും ഞങ്ങളുമായിരുന്നു ഉമ്മച്ചിയുടെ ലോകം. ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും ഉമ്മിച്ചി പിടിച്ചു നിൽക്കുമായിരുന്നു, പക്ഷേ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു. ഇത്രയും നേരത്തെ പിരിയേണ്ടവരായിരുന്നില്ല രണ്ടുപേരും. ഒരുപാടു സ്നേഹിച്ചതിനാവും പടച്ചവൻ രണ്ടുപേരെയും രണ്ടിടത്താക്കിയത്. മരണംകൊണ്ടും അവരെ വേർപിരിക്കാനാവില്ല,” മക്കൾ കുറിപ്പിൽ പറയുന്നു. മരണാനന്തരവും അവർ സ്വർഗ്ഗത്തിൽ ഏറ്റവും നല്ല ഇണകളായി ജീവിക്കാൻ മക്കൾ പ്രാർത്ഥനയോടെ ആശംസിക്കുകയും ചെയ്തു.
