ഇസ്രയേല്‍-ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് പെന്റഗണ്‍-ഇന്റലിജന്‍സ് മേധാവികളെ ഒഴിവാക്കി ട്രംപ്

റാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള ഉന്നതതല ചര്‍ച്ചകളില്‍ നിന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെയും ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിനെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതിന്റെ വക്കിലാണെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദങ്ങള്‍ക്കെതിരെ തുള്‍സി ഗബ്ബാര്‍ഡ് പരസ്യമായി രംഗത്ത് വന്നതിനെ തുടര്‍ന്നാണ് ഇവരെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക വ്യോമതാവളത്തിന്റെ സുരക്ഷയ്ക്കായി രണ്ട് ഫോര്‍ സ്റ്റാര്‍ ജനറല്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇറാന്റെ പ്രവര്‍ത്തന ചര്‍ച്ചകളില്‍ നിന്ന് ഹെഗ്സെത്തും പുറത്തായി.

വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, ജോയിന്റ് ചീഫ്‌സ് വൈസ് ചെയര്‍ ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവരടങ്ങുന്ന ചെറുതും കൂടുതല്‍ പരിചയസമ്പന്നവുമായ ‘ടയര്‍ വണ്‍’ ഉപദേശക ഗ്രൂപ്പിനെയാണ് ട്രംപ് ഇപ്പോള്‍ ആശ്രയിക്കുന്നതെന്ന് പറയപ്പെടുന്നു. സിവിലിയന്‍ പ്രതിരോധ, ഇന്റലിജന്‍സ് നേതൃത്വത്തിനുപകരം, ഇറാനെക്കുറിച്ചുള്ള യുഎസ് നയം രൂപപ്പെടുത്തുന്ന സംഘമാണ് ടയര്‍ വണ്‍.

എന്നാല്‍ പുറത്തുവന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ നിഷേധിച്ചു, ഹെഗ്സെത്ത് ദിവസവും പലതവണ പ്രസിഡന്റുമായി സംസാരിക്കുന്നുണ്ടെന്നും ഈ ആഴ്ച സിറ്റുവേഷന്‍ റൂമില്‍ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു എന്നും ഷോണ്‍ പാര്‍നെല്‍ പറയുന്നു. താനും പ്രസിഡന്റും ഒരേ അഭിപ്രായക്കാരാണെന്ന് ഗബ്ബാര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ സമ്പുഷ്ടമായ യുറേനിയം ശേഖരിച്ചിട്ടുണ്ടെങ്കിലും ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഇപ്പോഴും വിലയിരുത്തുന്നുവെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഉന്നത ഡെമോക്രാറ്റായ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞു.

ഇറാന്‍ ആണവായുധങ്ങള്‍ നേടുന്നതിന് ‘ആഴ്ചകള്‍ മാത്രം അകലെ’ ആണെന്ന് പ്രസ്താവിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുള്‍സി ഗബ്ബാര്‍ഡിന്റെ പരാമര്‍ശങ്ങള്‍ തള്ളിക്കളഞ്ഞു. മുന്‍ ഡെമോക്രാറ്റിക് നേതാവായ ഇവര്‍ ഇപ്പോള്‍ താന്‍ മേല്‍നോട്ടം വഹിക്കുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് സമൂഹത്തെ വളരെക്കാലമായി വിമര്‍ശിച്ചിരുന്നു, മാത്രമല്ല, ഹിരോഷിമ സന്ദര്‍ശനത്തിന് ശേഷം ആണവയുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു വീഡിയോ അവര്‍ പുറത്തുവിട്ടത് ട്രംപിന്റെ ഉപദേഷ്ടാക്കളെ അലോസരപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. ജൂണ്‍ 8 ന് ക്യാമ്പ് ഡേവിഡില്‍ ഇറാന്‍ നയത്തെക്കുറിച്ച് നടന്ന ഒരു പ്രധാന യോഗത്തില്‍ അവര്‍ പങ്കെടുക്കാതിരുന്നത് അവരുടെ സ്വാധീനം കുറയുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *