ദുബായ്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ മുന്നറിയിപ്പുമായി ഗൾഫ് രാഷ്ട്രങ്ങൾ. ഇതുവരെ നിലനിർത്തിപോന്ന സംയമന രീതി ഇനി തുടരില്ല എന്നാണ് യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളിൽ നിന്നും ഇറാൻ പിന്മാറാത്തതിനാൽ തങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ തുടങ്ങിയിരിക്കുകയാണെന്നും അവർ അറിയിച്ചു. നിലവിൽ, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാനുള്ള തീരുമാനത്തിലാണ്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു.
ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ മുമ്പ് വിമുഖത കാണിച്ച സൗദി അറേബ്യ, കിംഗ് ഫഹദ് വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു.
അതേസമയം, യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്. പണപ്പെരുപ്പവും യുദ്ധവും മൂലം ടെഹ്റാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ നീക്കം അതിന്റെ നിർണായക സാമ്പത്തിക സ്രോതസിനെ ബാധിച്ചേക്കാം.
