ഇറാൻ മുന്നോട്ടുവെച്ച പുതിയ സമാധാന ചർച്ചാ നിർദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ സമർപ്പിക്കപ്പെട്ട ഈ നിർദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും അമേരിക്കയ്ക്ക് അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് തിരിക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ സൈനികവും ഭരണപരവുമായ കരുത്ത് ക്ഷയിച്ചുവരികയാണെന്നും നിലനിൽപ്പിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവർ കരാറിന് താല്പര്യം പ്രകടിപ്പിക്കുന്നതെന്നും ട്രംപ് പരിഹസിച്ചു. ഇറാന്റെ നേതൃത്വം നിലവിൽ ഭിന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെ ഒരു കാരണവശാലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്ന തന്റെ കർക്കശമായ നിലപാട് ട്രംപ് ഒരിക്കൽ കൂടി ആവർത്തിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കാണ് യുറേനിയം സമ്പുഷ്ടീകരണം എന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, അത് ആണവായുധ നിർമ്മാണത്തിനുള്ള നീക്കമാണെന്നാണ് അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും വാദം.
മേഖലയിൽ സൈനികമായ തിരിച്ചടി നൽകാനുള്ള സാധ്യത ട്രംപ് തള്ളിക്കളഞ്ഞില്ലെങ്കിലും, മാനുഷിക പരിഗണനകൾ മുൻനിർത്തി കടുത്ത നടപടികളിലേക്ക് നീങ്ങാൻ തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, സമാധാന ചർച്ചകൾക്കായി പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ട്രംപ് പ്രശംസിച്ചു. ഫോണിലൂടെയുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഒരു വഴിത്തിരിവിനുള്ള സാധ്യത ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
അമേരിക്ക ഭീഷണിപ്പെടുത്തുന്ന രീതി ഉപേക്ഷിച്ചാൽ മാത്രമേ നയതന്ത്രത്തിന് തയ്യാറാവൂ എന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പ്രതികരിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ ഇറാന്റെ സായുധ സേന സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ പദ്ധതികൾ, ഉപരോധങ്ങൾ നീക്കൽ, ഹോർമുസ് കടലിടുക്കിലെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ പുതിയ നിലപാട് മേഖലയിൽ വീണ്ടും ആശങ്ക പടർത്തുകയാണ്.
