Home » Blog » Kerala » “ഇറാനുമായുള്ള ഏറ്റുമുട്ടലിനെ ‘യുദ്ധം’ എന്നു വിളിക്കാനാകില്ല, ഞങ്ങൾക്കത് വെറും കിഴങ്ങാണ് ; വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കും” – ഭീഷണിയുമായി ട്രംപ്
10

വാഷിങ്ടൺ: ഇറാൻ യുദ്ധം അമേരിക്കയ്ക്ക് വെറും കിഴങ്ങാണെന്ന് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും യുഎസും തമ്മിൽ നടക്കുന്ന സംഘർഷത്തെ ‘യുദ്ധം’ എന്നുവിളിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

‘‘ഇറാനുമായുള്ള ഏറ്റുമുട്ടലിനെ യുദ്ധം എന്നു വിളിക്കാൻ താനും ആഗ്രഹിക്കുന്നില്ല. അതു ഞങ്ങൾക്ക് വെറും ചെറിയ കിഴങ്ങാണ്. വെനസ്വേലയിൽ ഞങ്ങളത് ചെയ്തു. ഇപ്പോൾ ഇറാനിലും ചെയ്തു’’ – ട്രംപ് പറഞ്ഞു.

അതേസമയം, ഇറാൻ വീണ്ടും ആണവായുധ നിർമാണത്തിലേക്ക് കടന്നാൽ യുഎസ് ഇറാനിലെ പിക്ക്ആക്സ് മൗണ്ടൻ ആക്രമിക്കുമെന്ന് ട്രംപ് മുന്നിറിയിപ്പ് നൽകിയത് ക്രൂഡോയിൽ വില കൂടാനിടയാക്കി. ഇറാനിലെ നതാൻസ് യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന് സമീപമാണ് പിക്ക്ആക്സ് മൗണ്ടൻ സ്ഥിതി ചെയ്യുന്നത്. സാധാരണ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാണ് ഇവിടുത്തെ സംവിധാനങ്ങളെന്നാണ് നിഗമനം.

ഈ കേന്ദ്രത്തിലേക്ക് ഇറാൻ ആയിരക്കണക്കിന് സെൻട്രിഫ്യൂജുകൾ (ആണവായുധം നിർമിക്കാൻ ആവശ്യമായ റേഡിയോ ആക്ടീവ് ഇന്ധനം ആവശ്യത്തിന് സാന്ദ്രതയിൽ വേർതിരിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്നത്) മാറ്റിയതായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, ഇറാനുമായുള്ള സംഘർഷം വൈകാതെ തീരുമെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ക്രൂഡോയിൽ വില അതോടെ വെറും 40 ഡോളറിലേക്ക് തകർന്നടിയുമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ട്രംപിന്റെ ‘പിക്ക്ആക്സ് മൗണ്ടൻ’ ആക്രമണ ഭീഷണിക്ക് പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുകയറുകയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില 96 ഡോളർ കടന്നു. യുഎസ് ക്രൂഡ് വില 91.48 ഡോളറും. ഇതിനിടെ, യുഎസിൽ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയ റിപ്പോർട്ടുകളും പുറത്തുവന്നു. ഗാലന് 3.71 ഡോളറിൽ നിന്ന് 5.85 ഡോളറായാണ് വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *