
കോഴിക്കോട് ബീച്ചിൽ ചൊവ്വാഴ്ച നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. വൈകിട്ട് മൂന്ന് മണി മുതൽ ബീച്ച് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. എലത്തൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വെങ്ങാലി ഓവർബ്രിഡ്ജ് വഴി വെസ്റ്റ് ഹിൽ ചുങ്കം കടന്ന് നഗരത്തിലേക്ക് പ്രവേശിക്കണം. ചരക്ക് ലോറികളും കണ്ടെയ്നറുകളുമടക്കമുള്ള വലിയ വാഹനങ്ങൾ വെങ്ങളം, പൂളാടിക്കുന്ന് ഹൈവേ വഴിയാണ് പോകേണ്ടത്.
കണ്ണൂർ ഭാഗത്തുനിന്ന് റാലിക്കെത്തുന്ന വാഹനങ്ങൾ വെങ്ങാലിയിൽ നിന്ന് പുതിയാപ്പ–വെള്ളയിൽ ബീച്ച് റോഡ് വഴി ഗാന്ധി റോഡ് ജങ്ഷനിലെത്തി ആളുകളെ ഇറക്കിയ ശേഷം ഭട്ട് റോഡ് പുതിയാപ്പ (നോർത്ത് ബീച്ച്) ഭാഗത്ത് പാർക്ക് ചെയ്യണം. പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം–നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഗാന്ധി റോഡ് ജങ്ഷൻ വഴി വെള്ളയിൽ ഹാർബറിൽ ആളുകളെ ഇറക്കി സരോവരത്തെ ട്രേഡ് സെന്ററിന് സമീപത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. രാമനാട്ടുകര, ഫറോക്ക്, മീഞ്ചന്ത ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുഷ്പ റോഡ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഫ്രാൻസിസ് റോഡ് മേൽപാലം വഴി സീ ക്യൂൻ ഹോട്ടൽ ജങ്ഷനിൽ ആളുകളെ ഇറക്കി കോതി ബീച്ച് ഭാഗത്തേക്ക് പോയി പാർക്ക് ചെയ്യണം.
സിറ്റി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എരഞ്ഞിപ്പാലം–നടക്കാവ് വഴി ക്രിസ്ത്യൻ കോളേജ് ഈസ്റ്റ് ജങ്ഷനിലെത്തി ആളുകളെ ഇറക്കിയ ശേഷം സരോവരം ജങ്ഷനിലെ പീവീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ട്രാഫിക് ഡൈവേർഷനും നിയന്ത്രണവും രാത്രി പത്തുമണി വരെ തുടരും. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകേണ്ടവർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണമെന്ന് പോലീസ് അറിയിച്ചു.
ചരക്ക് വാഹനങ്ങൾക്ക് ബീച്ച് ഭാഗത്തേക്ക് പൂർണ നിയന്ത്രണമുണ്ടാകും. പൊതുജനങ്ങളും ഡ്രൈവർമാരും ബദൽപാതകൾ ഉപയോഗിച്ച് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 0495 2721017, 9497975656 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം.
