ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി രൂക്ഷവിമർശനവുമായി രംഗത്ത്. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഈ വിഷയം ഇപ്പോൾ കായിക-രാഷ്ട്രീയ മേഖലകളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
യൂണിഫോമുകൾ മാറ്റിയതുകൊണ്ടോ വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിച്ചതുകൊണ്ടോ ജനങ്ങളുടെ ചിന്താഗതി മാറ്റാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ജന്തർമന്ദിറിൽ തടിച്ചുകൂടിയ യുവജനങ്ങൾ വിളിച്ചുപറഞ്ഞത് എന്താണെന്ന് രാജ്യം കണ്ടതാണെന്നും അതാണ് യഥാർത്ഥ ഇന്ത്യയുടെ ശബ്ദമെന്നും അവർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾക്കും കേന്ദ്ര സർക്കാരിനെതിരെ രാജ്യത്ത് ഉയരുന്ന യുവജന പ്രക്ഷോഭങ്ങൾക്കും ഒപ്പമാണ് കോൺഗ്രസ് ഈ ജേഴ്‌സി വിവാദത്തെയും വീക്ഷിക്കുന്നത്.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ടീമുകളുടെ പ്രധാന ജേഴ്‌സിയുടെ നിറം നീലയിൽ നിന്ന് കാവിയിലേക്ക് മാറ്റി ഹോക്കി ഇന്ത്യ ഉത്തരവിറക്കിയത്. പതിറ്റാണ്ടുകളായി ഇന്ത്യൻ കായിക ലോകത്തിന്റെ സവിശേഷ അടയാളമായിരുന്ന ‘നീല’ കുപ്പായത്തിന് പകരമാണ് പുതിയ കാവി ജേഴ്സി കൊണ്ടുവന്നിരിക്കുന്നത്. ഹോക്കി ഇന്ത്യയുടെ ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹയും നേരത്തെ രംഗത്തെത്തിയിരുന്നു. ഈ തീരുമാനം തികച്ചും “നാണക്കേടാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകവേദിയിൽ ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വവും അഭിമാനവുമാണ് നീല നിറമെന്നും, അതിൽ മാറ്റം വരുത്തുന്നത് ഒട്ടും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റസ്ക്വിൻഹയുടെ പ്രസ്താവന സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ആരാധകരിൽ വലിയൊരു വിഭാഗവും നീല ജേഴ്‌സി തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
