Home » Blog » Top News » ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന് തുടക്കമായി ചരിത്രത്തിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തം: മുഖ്യമന്ത്രി
history congress

ചരിത്രത്തിന് വേണ്ടിയുള്ള പ്രതിരോധങ്ങൾ ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ 84ാമത് ത്രിദിന ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചരിത്രം ആർക്കും കീഴടങ്ങുകയില്ലെന്നും സത്യത്തെ മിത്തുകൾ കൊണ്ട് പകരം വെക്കാൻ കഴിയില്ലെന്നും പാണ്ഡിത്യം അധികാരത്തിന് തല കുനിക്കുകയില്ലെന്നുമുള്ള സന്ദേശമാണ് ഇന്ത്യൻ ചരിത്ര കോൺഗ്രസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യവും അതിന്റെ രാഷ്ട്രീയവും ഗുരുതരമായ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നടക്കുന്നത്. ചരിത്രം വളച്ചൊടിക്കപ്പെടുമ്പോൾ, തുടച്ചുനീക്കപ്പെടുമ്പോൾ, കേവലം പ്രൊപ്പഗാൻഡയായി ചുരുക്കപ്പെടുമ്പോൾ ജനാധിപത്യം ദുർബലമാവുകയാണ്. അതിനാലാണ് ഹിസ്റ്ററി കോൺഗ്രസ് ദേശീയ ശ്രദ്ധ നേടുന്നത്. ഇത്തരം സമ്മർദ്ദങ്ങളെ ചെറുത്തതിന്റെ അഭിമാനകരമായ പാരമ്പര്യം ഈ സംഘടനയ്ക്കുണ്ട്.

 

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ചരിത്രത്തെ മാറ്റിയെഴുതുക എന്നത് ഒറ്റപ്പെട്ട, ആശയപരമായ തർക്കത്തിനപ്പുറം സുസ്ഥിര രാഷ്ട്രീയ പദ്ധതിയായി മാറി. ഈ ഇടപെടലിന്റെ ഏറ്റവും പ്രകടമായ ഒരു ഉദാഹരണം സിബിഎസ്ഇ പാഠപുസ്തകമാണ്. ദേശീയതയുടെ പ്രച്ഛന്ന വേഷമണിഞ്ഞ് നിർണായകമായ ചരിത്ര പ്രക്രിയകൾ, സംഭവങ്ങൾ, കണക്കുകൾ എന്നിവ ഒഴിവാക്കപ്പെടുകയോ അതിൽ വെള്ളം ചേർക്കപ്പെടുകയോ ചെയ്തു. ഇന്ത്യയുടെ ഭരണ സമ്പ്രദായം, സാമ്പത്തിക കാര്യം, സാംസ്‌കാരിക കൈമാറ്റം, രാഷ്ട്രീയ സങ്കീർണത എന്നിവയെ മനസ്സിലാക്കുന്നതിൽ കേന്ദ്ര സ്ഥാനത്തുനിൽക്കുന്ന മുഗൾ കാലഘട്ടം അപ്പാടേ ഒഴിവാക്കപ്പെട്ടു. ഇന്ത്യൻ ചരിത്രം പരിണമിച്ചത് പാരസ്പര്യത്തിലൂടെയും കൂടിയാലോചനകളിലൂടെയും സഹവർത്തിത്വത്തിലൂടെയും ആണെന്ന ആശയമാണ് ഇതിലുടെ അപ്രത്യക്ഷമാവുന്നത്.

ആധുനിക ഇന്ത്യൻ ചരിത്രത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ട കാര്യങ്ങളും അതുപോലെ തന്നെ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ജനകീയ ചെറുത്തുനിൽപ്പ്, കർഷക സമരങ്ങൾ, ഗോത്രവർഗ സമരമുന്നേറ്റങ്ങൾ, തൊഴിലാളിവർഗത്തിന്റെ സംഘടിത സമരപ്രസ്ഥാനങ്ങൾ എന്നിവയൊക്കെ വ്യവസ്ഥാപിതമായി വെട്ടി ഒതുക്കപ്പെട്ടു.

സാമ്രാജ്യത്വ വിരുദ്ധതയും സോഷ്യലിസവും രൂപപ്പെടുത്തിയ ഭഗത് സിങ്ങിനെപോലുള്ള ചിന്തകന്റെ പ്രത്യയശാസ്ത്രപരമായ ആഴം ചീന്തിയെറിഞ്ഞ് കേവലമൊരു ദേശസ്‌നേഹിയായി ചിത്രീകരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരം വളരെ സുഗമമവും എതിർപ്പില്ലാത്തതുമായ നിലയിൽ ഏതാനും ചില നേതാക്കൾ നടത്തിയ ഒന്നാണെന്ന് വരച്ചുകാട്ടിയപ്പോൾ ജനകീയ പ്രസ്ഥാനങ്ങളുടെയും ആശയാധിഷ്ഠിത പോരാട്ടങ്ങളുടെയും പങ്ക് അരികുവൽക്കരിക്കപ്പെട്ടു.

ഒരു വശത്ത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടേയില്ലാത്ത ചില അപ്രധാനികളെ യഥാർഥ വീരനായകരാക്കി അവതരിപ്പിക്കപ്പെട്ടപ്പോൾ മറു വശത്ത് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി എല്ലാം ത്യജിച്ച ത്യാഗധനരരായ വീരനായകരെ പൂർണമായും തമസ്‌കരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ മഹാത്മഗാന്ധിയുടെ പങ്ക് പോലും ചെറുതാക്കപ്പെടുകയും സവർക്കറിനെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന ചരിത്രത്തിന്റെ പ്രത്യക്ഷമായ വളച്ചൊടിക്കലാണ് നടക്കുന്നത്.

 

ഇത് ചരിത്രത്തിന് നേരെ മാത്രം നടക്കുന്ന ആക്രമണമല്ല. ശാസ്ത്രവും വിദ്യാഭ്യാസവും അതിക്രമത്തിന് ഇരയാവുകയാണ്. ഒരു തെളിവും ഇല്ലാതെ പുരാതന വ്യോമയാനം, ജനറ്റിക് എൻജിനീയറിംഗ്, വൈദ്യശാസ്ത്ര അദ്ഭുതങ്ങൾ എന്നിവയെക്കുറിച്ചുള്ള കപടശാസ്ത്രപരമായ അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശാസ്ത്രീയ മനോഭാവത്തിന് തുരങ്കം വെക്കുകയാണ്. കരിക്കുലത്തിലെ മാറ്റങ്ങൾ പരിണാമ സിദ്ധാന്തത്തെയും യുക്തിപരമായ അന്വേഷണത്തെയും ദുർബലപ്പെടുത്തുന്നു. സർവകലാശാലകൾ നിരീക്ഷിക്കപ്പെടുന്നു, സെമിനാറുകൾ റദ്ദാക്കപ്പെടുന്നു. പണ്ഡിതരെ ലക്ഷ്യം വെക്കുന്നു, വിയോജിപ്പുകളെ കുറ്റകരമായി കാണുന്നു. യുക്തി തന്നെ ഭീഷണിയായി പരിഗണിക്കപ്പെടുമ്പോൾ പിന്നാലെ വരുന്നത് സ്വേച്ഛാധിപത്യമാണ്.

 

ദലിതരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ന്യൂനപക്ഷത്തിന്റെയും പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലേക്ക് ചരിത്ര വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുമ്പോൾ ഭാവിക്കായി വർത്തമാന കാലത്തെ അപഗ്രഥിക്കാനുള്ള ഉപകരണങ്ങളാണ് നിഷേധിക്കപ്പെടുന്നത്. പ്രക്ഷോഭങ്ങളെ മായ്ച്ചുകളയുന്നത് വിയോജിപ്പുകളെ ദുർബലപ്പെടുത്തുന്നു.

1921 ലെ മലബാർ കലാപത്തെ ഒഴിവാക്കിയത് ഇവിടെ എടുത്തുപറയേണ്ടതുണ്ട്. സാമ്രാജ്യത്വ ചൂഷണത്തിനും ഫ്യൂഡൽ ചൂഷണത്തിനും എതിരായ കർഷക മുന്നേറ്റം ഉൾക്കൊള്ളുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കൊളോണിയൽ വിരുദ്ധ മുന്നേറ്റമായ മലബാർ കലാപം കേവലം വർഗീയമായി ചിത്രീകരിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തെയും ഭൂപ്രഭുത്വത്തെയും പ്രതിരോധിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടെയും നേതൃത്വം രാജ്യത്തിന്റെ ഓർമ്മകളിൽനിന്ന് മായ്ക്കപ്പെട്ടു. മലബാറിനെ ചരിത്രത്തിൽനിന്ന് മായ്ക്കുമ്പോൾ ആ സിലബസ് ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തെയാകെ മായ്ക്കുകയാണ്.

 

ഈ സാഹചര്യത്തിൽ കേരളം മുന്നോട്ടുവെക്കുന്ന ബദൽ ദേശീയതലത്തിലുള്ള ആഖ്യാനങ്ങളിൽനിന്ന് വലിയ തോതിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജാതി വിരുദ്ധ പ്രക്ഷോഭങ്ങളും സാമൂഹിക പരിഷ്‌കരണങ്ങളും വർഗപരമായ രാഷ്ട്രീയവുമെല്ലാം രൂപപ്പെടുത്തിയതാണ് കേരളത്തിന്റെ ആധുനിക ചരിത്രം. പൊതുറോഡുകളിലും വിദ്യാഭ്യാസത്തിലും പ്രവേശനത്തിനായി അയ്യങ്കാളി നടത്തിയ തീവ്രമായ പോരാട്ടങ്ങൾ ജനാധിപത്യത്തിന്റെ വികാസത്തിന് ശില പാകിയവയാണ്. എന്നിട്ടും ഇത്തരം ചരിത്ര പുരുഷൻമാർ ദേശീയ പാഠപുസ്തകങ്ങളിൽ അരികുവത്കരിക്കപ്പെടുകയാണ്.

്ശ്രീനാരായണഗുരു ജാതിവ്യവസ്ഥയ്‌ക്കെതിരെ നടത്തിയ നടത്തിയ സാമൂഹിക വിപ്ലവങ്ങളെ പരിഗണിക്കാതെ ഗുരുവിനെ കേവലം ആത്മീയ പരിഷ്‌കർത്താവായി ചുരുക്കുകയാണ്. ഇത്തരം ഒഴിവാക്കലുകൾ കരുതിക്കൂട്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികളിൽനിന്നും ജ്ഞാന വിരുദ്ധ ശക്തികളിൽനിന്നും ചരിത്രപഠനം തീവ്രമായ ആക്രമണം നേരിടുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം നടക്കുന്നത്. ഇത്തരം ശക്തികൾ യു ജി സി, എൻ സി ഇ ആർ ടി, ഐ സി എച്ച് ആർ തുടങ്ങിയ സ്ഥാപനങ്ങൾക്കുമേൽ സ്വാധീനം നേടിക്കഴിഞ്ഞു. ചരിത്രത്തെ വളച്ചൊടുക്കുന്നതിനെതിരെ പ്രതിരോധം തീർക്കുന്നതിൽ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മുൻനിരയിൽ ഉണ്ടാവും എന്ന്് എനിക്ക് ആത്‌വിശ്വാസമുണെന്നും മുഖ്യമന്ത്രി പറഞ്ഞു.