ആഗോള ബിയർ വിപണിയിലെ പ്രമുഖരായ ഹൈനകൻ ഇന്ത്യൻ വിപണിയിൽ മികച്ച മുന്നേറ്റം. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലെ വരുമാനത്തിൽ വൻ വർധനവാണ് കമ്പനി രേഖപ്പെടുത്തിയത്. പ്രീമിയം വിഭാഗത്തിലുള്ള ബിയറുകളുടെ വില്‍പനയിലുണ്ടായ കുതിപ്പാണ് ഇന്ത്യയിൽ ഹൈനകന്റെ വളർച്ചയ്ക്ക് പ്രധാന കാരണമായത്. നിലവിൽ യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡിൽ 61.5 ശതമാനത്തിലധികം ഓഹരിയുള്ള കമ്പനി, ഇന്ത്യ തങ്ങളുടെ ഏറ്റവും സുസ്ഥിരമായ വിപണിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് പാദത്തിൽ ഏകദേശം 5 ശതമാനം വളർച്ചയാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്.ഇന്ത്യയിലെ പ്രീമിയം ബിയർ വിപണിയിൽ ഏകദേശം 15 ശതമാനത്തോളം വളർച്ചയുണ്ടായപ്പോൾ, ഈ വിഭാഗത്തിൽ ‘കിംഗ്ഫിഷർ അൾട്രാ’ വിപണി അടക്കിവാഴുകയാണ്. പ്രീമിയം ബിയറുകൾക്ക് പുറമെ സാധാരണ ബിയർ വിപണിയിലും സാന്നിധ്യം ശക്തമാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായാണ് കയ്പ്പ് കുറഞ്ഞ ‘കിംഗ്ഫിഷർ സ്മൂത്ത്’ വിപണിയിലെത്തിച്ചത്. കിംഗ്ഫിഷർ, ഹൈനകൻ എന്നിവ കൂടാതെ കല്യാണി ബ്ലാക്ക് ലേബൽ, ബുള്ളറ്റ്, അമസ്റ്റൽ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും യുണൈറ്റഡ് ബ്രൂവറീസ് ഇന്ത്യയിൽ വിൽക്കുന്നുണ്ട്.
ഇന്ത്യയിൽ നേട്ടമുണ്ടാക്കുമ്പോഴും ആഗോളതലത്തിൽ വർധിച്ചുവരുന്ന ഇന്ധന-ഊർജ്ജ വിലയും പണപ്പെരുപ്പവും കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ വിപണിയെ ബാധിച്ചേക്കാമെന്ന് സി.ഇ.ഒ ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് പറഞ്ഞു. ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ഉൾപ്പെടെയുള്ള വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങൾ കമ്പനിയുടെ മൊത്തം വരുമാനത്തെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഈ വർഷം 2 മുതൽ 6 ശതമാനം വരെ പ്രവർത്തന ലാഭം കമ്പനി പ്രതീക്ഷിക്കുന്നു. ആദ്യ പാദത്തിൽ 6.7 ബില്യൺ യൂറോയാണ് ഹൈനകന്റെ ആഗോള വരുമാനം.
