കൊച്ചി:ഇൻഷുറൻസ് മേഖലയിലെ പ്രമുഖ മൾട്ടി-ലൈൻ ഇൻഷുറൻസ് സേവനദാതാക്കളായ അബുദാബി നാഷണൽ ഇൻഷുറൻസ് കമ്പനിയായ (അഡ്നിക്) ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രമായ ( ഐ എഫ് എസ് സി ) യിൽ നിന്ന് റീ-ഇൻഷുറൻസ് ബിസിനസ് നടത്തുന്നതിനുള്ള റെഗുലേറ്ററി അംഗീകാരവും ലൈസൻസും കമ്പനിക്ക് ലഭിച്ചു.
അതിവേഗം വളരുന്ന ഇന്ത്യൻ ഇൻഷുറൻസ് വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ യുഎഇ-ഇന്ത്യ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും വൈവിധ്യമാർന്ന ഇൻഷുറൻസ് പരിഹാരങ്ങൾ നൽകാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.അന്താരാഷ്ട്ര തലത്തിൽ വികസനപദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ സൗദി അറേബ്യൻ വിപണിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് അഡ്‌നിക് ഇന്ത്യയിലേക്കും എത്തുന്നത്.
യുഎഇയുടെ ബിസിനസ് മേഖലയിലെ സ്ഥിരതയും അന്താരാഷ്ട്ര ഇൻഷുറർ എന്ന നിലയിലുള്ള വിശ്വാസ്യതയും പുതിയ ബ്രാഞ്ചിലൂടെ കൂടുതൽ വ്യക്തമാകുമെന്ന് അഡ്‌നിക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചാരലാംബോസ് മൈലോനാസ് പറഞ്ഞു.
