Home » Blog » Kerala » “ഇത് മതേതര നിലപാട് സ്വീകരിച്ചതിന്‍റെ വിജയം, മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡ് തീരുമാനിക്കും”; വി.ഡി സതീശൻ
25

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ ഉജ്ജ്വലമായ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി വി.ഡി സതീശൻ. തെരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ഗാന്ധിക്ക് കൊടുത്ത വാക്ക് പാലിച്ചെന്നും മതേതര നിലപാട് സ്വീകരിച്ചതിനുള്ള കേരള ജനതയുടെ അംഗീകാരമാണ് ഈ വിജയമെന്നും സതീശൻ പറഞ്ഞു. വർഷങ്ങളായി ഇടതുപക്ഷത്തിന് വോട്ട് ചെയ്ത പലരും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉജ്ജ്വല വിജയം നൽകിയ ജനങ്ങൾക്ക് നന്ദി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാർജുൻ ഖാർഖെക്കും പ്രത്യേക നന്ദി. പ്രതിപക്ഷ നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ അവർക്ക് നൽകിയ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചു. അതിൽ ചാരിതാർത്ഥ്യമുണ്ട്. കേരള ജനതയോട് മലയാളികൾ നടത്തിയ പ്രഖ്യാപനമാണ് ഈ വിജയം. മതേതര നിലപാട് സ്വീകരിച്ചതിനുള്ള അംഗീകരമാണ് ഈ വിജയം. സ്ത്രീകൾ, ചെറുപ്പക്കാർ എന്നിങ്ങനെ എല്ലാവരും ഒരുപോലെ വലിയ രീതിയിൽ സഹായിച്ചു. ഇത് കേരള ജനത നൽകിയ വിജയം.” – സതീശൻ പറഞ്ഞു.

“വർഷങ്ങളായി ഇടതുപക്ഷത്തിന് വോട്ട് ചെയ്ത പലരും ഇത്തവണ യുഡിഎഫിനാണ് വോട്ട് ചെയ്തത്. അതാണ് തെളിഞ്ഞിരിക്കുന്നത്. അതിന് എല്ലാവരോടും നന്ദി പറയുന്നു. വർഷങ്ങളായുള്ള സിപിഎം കോട്ടകൾ പോലും ഇളകിവീണ തെരഞ്ഞെടുപ്പാണിത്. ടീം ആയി പ്രയത്നിച്ചതിന്‍റെ ഫലമാണിത്. ഉത്തമ കമ്യൂണിസ്റ്റുകാരെ കണ്ടാൽ ചിരിച്ചോളാനാണ് പുതുയുഗ യാത്രയിലടക്കം ഞാൻ പറഞ്ഞിരുന്നത്. അവരും നമ്മളെ സഹായിച്ചിട്ടുണ്ട്. ഒരു ഹർത്താൽ പോലും നടത്താതെ നേടിയ വിജയം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ച തെരഞ്ഞെടുപ്പ് കൂടിയാണിത്.”

“നൂറിലേറെ സീറ്റ് നേടുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലർക്കും അംഗീകരിക്കാനായില്ല. രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ സീറ്റാണ് ഞങ്ങൾ നേടിയിരിക്കുന്നത്. കോൺഗ്രസുകാരൻ എന്ന നിലയിൽ വല്ലാത്ത സന്തോഷം തോന്നുന്നു. പരിഹസിച്ച നിരവധി പേരുണ്ടായിരുന്നു. എന്നാൽ, ഞാൻ കൃത്യമായ കണക്കുകൂട്ടലുകൾ നടത്തിയിട്ടാണ് പറഞ്ഞത്.” – സതീശൻ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.