ഫുട്ബോൾ ലോകത്തെ നിത്യവിസ്മയമായ ലയണൽ മെസ്സിക്ക് സ്വന്തമാക്കാൻ ഇനി കിരീടങ്ങളൊന്നും ബാക്കിയില്ലെങ്കിലും, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധമായി താരം പങ്കുവെക്കുന്നത് ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ കഴിയാത്തതിനെക്കുറിച്ചാണ്. ലോകകപ്പ് ആവേശത്തിനിടയിൽ മെസ്സിയുടെ പഴയൊരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും സ്പെയിനിലും ബാഴ്സലോണയുടെ ‘ലാ മാസിയ’യിലുമാണ് മെസ്സി ചെലവഴിച്ചത്. അക്കാലത്ത് മറ്റ് ഭാഷകളുടെ ആവശ്യം വന്നിരുന്നില്ല. എന്നാൽ, ഇന്ന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കഴിയാത്തതിൽ തനിക്ക് വലിയ കുറ്റബോധമുണ്ടെന്ന് മെസ്സി തുറന്നു പറയുന്നു.
“ഭാഷ പഠിക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു. അന്ന് അത് വേണ്ടെന്ന് വെച്ചു. ഇപ്പോൾ അതിൽ ഖേദമുണ്ട്. പ്രധാനപ്പെട്ട ആളുകളെ കാണുമ്പോഴും സംസാരിക്കുമ്പോഴും ഭാഷ ഒരു മതിലായി മാറുന്നത് ഞാൻ തിരിച്ചറിയുന്നുണ്ട്. എന്റെ മക്കളോടും ഞാൻ പറയാറുണ്ട്, അവസരം ലഭിക്കുമ്പോൾ പരമാവധി ഭാഷകൾ പഠിക്കണമെന്ന്. ചെറുപ്പത്തിൽ അതിന്റെ പ്രാധാന്യം മനസ്സിലാക്കിയില്ല, എന്നാൽ ഇപ്പോൾ അത് നന്നായി ബോധ്യപ്പെടുന്നു,” മെസ്സി പറയുന്നു.
യുവേഫ ചാംപ്യൻസ് ലീഗ് നറുക്കെടുപ്പ് വേദികളിൽ റൊണാൾഡോ ഉൾപ്പെടെയുള്ളവർ ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ മെസ്സി സ്പാനിഷ് ഭാഷയെ ആശ്രയിക്കുന്നത് പലപ്പോഴും ചർച്ചയാവാറുണ്ട്. പിഎസ്ജിയിലെ കാലഘട്ടത്തിലും സ്പാനിഷ് സംസാരിക്കുന്നവർ കൂടെയുണ്ടായിരുന്നതിനാൽ ഇംഗ്ലീഷ് പഠിക്കാൻ മെസ്സി നിർബന്ധിതനായില്ല. എന്നാൽ, മയാമിയിലേക്കുള്ള വരവോടെ സഹതാരങ്ങളുമായി സംസാരിക്കാൻ മെസ്സി ഇംഗ്ലീഷിന്റെ വഴിയെ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ക്യാമറകൾക്ക് മുന്നിലും പൊതുവേദികളിലും ഇപ്പോഴും സ്പാനിഷ് ഭാഷയോടാണ് മെസ്സിക്ക് കൂടുതൽ പ്രിയവും ആത്മവിശ്വാസവും.
