ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് ഇന്ന് വിശദമായ വാദം കേൾക്കും. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇന്ന് വരെ നിലവിലുണ്ട്. പരാതിക്കാരിക്കൊപ്പമുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഷ്ട്രീയമായ പകപോക്കലാണ് കേസിന് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും വ്യക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.
അന്വേഷണ പുരോഗതിയും കേസ് ഡയറിയും പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റൊരു ബലാത്സംഗക്കേസിൽ രാഹുലിന് നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും, അതിനെതിരെ സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇന്നത്തെ വാദത്തിന് ശേഷം കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളുമായി പോലീസ് മുന്നോട്ട് പോകും. നിലവിൽ കേസിനെത്തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാഹുലിനെ പുറത്താക്കിയിട്ടുണ്ട്.
