ആഭ്യന്തര വിപണിയിൽ ആവശ്യകത കുറയുകയും സ്റ്റോക്ക് കൂടുകയും ചെയ്ത സാഹചര്യത്തിൽ 2025-26 സീസണിൽ 1.5 മില്യൺ ടൺ പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. ഒക്ടോബർ മുതൽ കയറ്റുമതി ആരംഭിക്കുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.
കൂടാതെ, പഞ്ചസാര സിറപ്പിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന 50 ശതമാനം തീരുവ പിൻവലിക്കാനും കേന്ദ്രം തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എഴുതിയ കത്തിലാണ് മന്ത്രി പ്രഹ്ലാദ് ജോഷി പഞ്ചസാര കർഷകർക്ക് നൽകിയ പുതിയ ആനുകൂല്യങ്ങൾ വിശദീകരിച്ചത്.
അധിക സ്റ്റോക്കിന്റെ കാരണം
എഥനോൾ ഉൽപാദനത്തിനായി മാറ്റിവെച്ച പഞ്ചസാര പൂർണമായും ഉപയോഗിക്കാതിരുന്നതാണ് അധിക സ്റ്റോക്കിന് കാരണമായതെന്ന് ഭക്ഷ്യസെക്രട്ടറി സഞ്ജീവ് ചോപ്ര വ്യക്തമാക്കി. എഥനോൾ ഉൽപാദനത്തിനായി മില്ലുകൾ 3.5 മില്യൺ ടൺ പഞ്ചസാരയാണ് നൽകിയത്. എന്നാൽ കണക്കുകൾ പ്രകാരം 4 മില്യൺ ടൺ ആവശ്യമായി വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സ്റ്റോക്കിന്റെ അളവ് വർധിച്ചതിനാലാണ് കയറ്റുമതിക്ക് അനുമതി നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, 2 മില്യൺ ടൺ പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകണമെന്നായിരുന്നു പഞ്ചസാര വ്യവസായ മേഖലയുടെ ആവശ്യം. ഇതിനിടെ, 2024-25 സീസണിൽ 1 മില്യൺ ടൺ പഞ്ചസാര കയറ്റുമതിക്ക് അനുമതി നൽകിയിരുന്നെങ്കിലും 8 ലക്ഷം ടൺ മാത്രമാണ് കയറ്റി അയക്കാൻ സാധിച്ചത്.
2025-26 വർഷത്തിൽ ഇന്ത്യ 34 മില്യൺ ടൺ പഞ്ചസാര ഉൽപാദിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 28.5 മില്യൺ ടൺ മാത്രമാണ് രാജ്യത്തിന് ആവശ്യമായി വരിക. അതുകൊണ്ടാണ് ഈ അധിക ഉൽപാദനം കയറ്റുമതി ചെയ്യാൻ അനുമതി നൽകിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
