Home » Blog » Cinema » “ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല, ഞാൻ സംസാരിക്കുന്ന മലയാളം ശരിയാകാത്തതുകൊണ്ടാണ്, ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് എല്ലാവരും എനിക്ക് മാപ്പുതരണം” ; പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതിയിൽ കേസെടുത്തു, പിന്നാലെ ക്ഷമാപണവുമായി ജാന്‍മണി
13

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഡൽഹിയിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ കേസ് വരികയും സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുകയും ചെയ്തതോടെ, തന്റെ പ്രസ്താവനയിൽ പൂർണ്ണമായും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെ രംഗത്തെത്തി.

“താൻ നടത്തിയ പരാമർശം ആരെയും വേദനിപ്പിക്കാൻ വേണ്ടിയുള്ളതല്ലെന്നും, പൊതുസമൂഹത്തിന് മുന്നിൽ പരസ്യമായി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജാൻമണി വിഡിയോയിലൂടെ പറഞ്ഞു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല ഞാൻ അത് പറഞ്ഞത്. പരസ്യമായി തന്നെ എല്ലാവരോടും ക്ഷമ ചോദിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറ‍ഞ്ഞത്. സോഷ്യൽ മീഡിയയിൽ കണ്ട ഏതോ ഒരു കണ്ടൻ്റുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിന് ഒരു മറുചോദ്യം ഉന്നയിക്കുക മാത്രമാണ് ചെയ്തത്, അല്ലാതെ മോദിജിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ചല്ല.

ചിലപ്പോൾ ഞാൻ സംസാരിക്കുന്ന മലയാളം ശരിയാകാത്തതാകാം ഇത്തരം ഒരു തെറ്റിദ്ധാരണക്ക് കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടു കൂടിയില്ല. എൻ്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഞാൻ വളരെയധികം ക്ഷമ ചോദിക്കുന്നു. എന്നെ ഒരു ചെറിയ കുട്ടിയാണെന്ന് വിചാരിച്ച് എല്ലാവരും എനിക്ക് മാപ്പുതരണം. അതിൽ കൂടുതൽ പറയാൻ എനിക്ക് മറ്റൊന്നുമില്ല.” – ജാൻമണി വിഡിയോയിൽ പറഞ്ഞു.

താൻ പറഞ്ഞ കാര്യത്തിൽ വലിയ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നും പിന്നീട് വസ്തുതാ പരിശോധന നടത്തിയപ്പോഴാണ് അത് മനസ്സിലായതെന്നും ജാൻമണി കൂട്ടിച്ചേർത്തു. സംഭവത്തിന് ശേഷം ഗൂഗ്ളിൽ പോയി സെർച്ച് ചെയ്തു നോക്കിയപ്പോഴാണ് ഞാൻ പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്ന് എനിക്ക് മനസ്സിലായത്. പൊതുമധ്യത്തിൽ ഒരു പ്രസ്താവന നടത്തുന്നതിന് മുൻപ് അത് കൃത്യമായി ചെക്ക് ചെയ്യണമായിരുന്നു. അത് ചെയ്യാതിരുന്നത് എന്റെ വലിയ പിഴവാണ്. വാർത്തകളും വിവാദങ്ങളും കണ്ട് വളരെ വലിയ വിഷമത്തിലായിരുന്നു ഞാൻ. അത് കൊണ്ടാണ് ഖേദപ്രകടനവുമായുള്ള വിഡിയോ പങ്കുവെക്കാൻ വൈകിയതും.

അതേസമയം, ജാൻമണി ദാസ് തനിക്കു പറ്റിയ തെറ്റിൽ ഖേദപ്രകടനവും ക്ഷമാപണവും നടത്തിയെങ്കിലും, പ്രധാനമന്ത്രിക്കെതിരെയുള്ള അധിക്ഷേപകരമായ പരാമർശത്തിൽ കർശനമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് പരാതിക്കാരുടെയും മഹിളാ മോർച്ചയുടെയും തീരുമാനം.