Home » Blog » Top News » ആയുര്‍വേദത്തിന്റെ ആസ്ഥാനമായി കേരളം അന്താരാഷ്ട്ര അംഗീകാരം നേടി -മന്ത്രി മുഹമ്മദ് റിയാസ്  
22_2

അനുകൂല കാലാവസ്ഥ, ജൈവവൈവിധ്യം, പാരമ്പര്യ അറിവുകളുടെ അടിത്തറ, ചികിത്സകരുടെ വിപുലമായ ശൃംഖല എന്നിവയിലൂടെ ആയുര്‍വേദത്തിന്റെ ആസ്ഥാനമായി കേരളം അന്താരാഷ്ട്ര അംഗീകാരം നേടിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ടൂറിസം വകുപ്പും ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

ആയുര്‍വേദത്തെ ടൂറിസത്തിലേക്ക് ചുരുക്കാതെ, ഗവേഷണപരവും ജനകേന്ദ്രീകൃതവുമായ ആരോഗ്യ സംവിധാനമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് കേരളത്തിന്റെ നയം. കോണ്‍ക്ലേവിനൊപ്പം ആരംഭിച്ച ഇന്റര്‍നാഷണല്‍ ആയുര്‍വേദ ആന്‍ഡ് യോഗ അംബാസഡേഴ്സ് ടൂര്‍ കേരളത്തിന്റെ വെല്‍നസ് മൂല്യങ്ങള്‍ വിശ്വാസ്യതയോടെ ലോകമാകെ എത്തിക്കുന്നതിനുള്ള ഇടപെടലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ആയുര്‍വേദത്തിന്റെയും വെല്‍നസ് സംവിധാനത്തിന്റെയും അന്താരാഷ്ട്ര കേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ഹോട്ടല്‍ ട്രിപ്പന്റയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനായി. ടൂറിസം-പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ബിജു മുഖ്യ പ്രഭാഷണം നടത്തി. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, സംഘാടക സമിതി ചെയര്‍മാന്‍ സജീവ് കുറുപ്പ്, സമിതി ഭാരവാഹികളായ പി മാധവന്‍കുട്ടി വാര്യര്‍, ബേബി മാത്യു സോമതീരം, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റുമാരായ നിത്യാനന്ദ കമ്മത്ത്, എ പി അബ്ദുള്ളക്കുട്ടി, മലബാര്‍ ടൂറിസം സോസൈറ്റി സെക്രട്ടറി ജിഹാദ് ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആയുര്‍വേദ വെല്‍നസ് മേഖലയില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു. ഇന്ന് (ഫെബ്. 3) ഹോട്ടല്‍ ഡിമോറയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ബി ടു ബി നെറ്റ്വര്‍ക്ക് പരിപാടി, പ്രദര്‍ശനം എന്നിവയുണ്ടാകും.