നോയിഡ: ഇന്ത്യയിലെ ആപ്പിളിന്റെ അഞ്ചാമത്തെ റീട്ടെയിൽ സ്റ്റോർ നാളെ നോയിഡയിൽ ഉദ്ഘാടനം ചെയ്യും. നോയിഡയിലെ ഡിഎൽഎഫ് മാളിലാണ് ഈ പുതിയ ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. നോയിഡയിലെ ആപ്പിളിന്റെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ കൂടിയാണിത്. ഈ സ്റ്റോറിൽ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും ലഭ്യമാകും. ഉപഭോക്താക്കളെ സഹായിക്കാനായി 80 പേർ അടങ്ങുന്ന ഒരു സംഘം സ്റ്റോറിലുണ്ടാകുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
നോയിഡയിലെ പുതിയ ആപ്പിൾ സ്റ്റോറിൽ കമ്പനിയുടെ ഐഫോണുകൾ, മാക്ബുക്കുകൾ, ആപ്പിൾ വാച്ചുകൾ തുടങ്ങിയ എല്ലാത്തരം ഉൽപ്പന്നങ്ങളും ലഭ്യമാകും. ഉപഭോക്താക്കൾക്ക് ജീവനക്കാരുടെ വിദഗ്ധ നിർദ്ദേശങ്ങളോടെ ഏറ്റവും പുതിയ ഐഫോൺ 17 ലൈനപ്പ് ഉൾപ്പെടെയുള്ള സ്മാർട്ട്‌ഫോണുകൾ ഇവിടെ നിന്ന് വാങ്ങാൻ സാധിക്കും. കൂടാതെ, ‘ടുഡേ അറ്റ് ആപ്പിൾ’ എന്ന പരിപാടിയിലൂടെ വിദഗ്ധ നിർദ്ദേശങ്ങളും വ്യക്തിഗത പിന്തുണയും സ്റ്റോറിലെത്തുന്നവർക്ക് ലഭിക്കും. നോയിഡയിൽ പുതിയ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിലെ ആവേശം ആപ്പിൾ റീട്ടെയിൽ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് പങ്കുവെക്കുകയും, ഉപഭോക്താക്കളെ സഹായിക്കാൻ ജീവനക്കാർ സജ്ജമാണെന്നും കൂട്ടിച്ചേർക്കുകയും ചെയ്തു.
നോയിഡയിലെ ഡിഎൽഎഫ് മാളിൽ ആരംഭിക്കുന്ന ആപ്പിൾ സ്റ്റോറിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാനായി 80 പേരുടെ വിദഗ്ധ സംഘത്തെയാണ് ആപ്പിൾ സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും പുതിയ ഐഫോൺ സീരീസ്, ആപ്പിൾ വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 11, എം5 ചിപ്പിലുള്ള പുതിയ ഐപാഡ് പ്രോ, 14-ഇഞ്ച് മാക്ബുക്ക് പ്രോ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉൽപ്പന്നങ്ങൾ ഇവിടെ ഉപഭോക്താക്കൾക്ക് നേരിട്ട് പരിചയപ്പെടാം. കൂടാതെ, വ്യക്തിഗത ഉപഭോക്തൃ പിന്തുണ, ആപ്പിൾ ട്രേഡ്-ഇൻ സൗകര്യങ്ങൾ, വിവിധ സാമ്പത്തിക സഹായങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെയെത്തുന്ന ഉപയോക്താക്കൾക്ക് ചോദിച്ചറിയാനും സാധിക്കും.
