Home » Blog » Kerala » ആഘോഷവേളകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ
images - 2026-02-17T211436.726

ഉത്സവപ്പറമ്പുകൾ, തിരുനാൾ നഗരികൾ, സമ്മേളന പന്തലുകൾ എന്നിവിടങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യദായകമായ ഒത്തുചേരൽ ഇടങ്ങളാക്കി മാറ്റാൻ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

*ആഹാരപദാർത്ഥങ്ങൾ തയ്യാറാക്കുന്നതിന് ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനായി അംഗീകൃത ലാബിൽ ജല പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

 

* ഉത്സവ മേഖലയായി പ്രഖ്യാപിക്കപ്പെട്ട ഇടങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

 

* തിളപ്പിച്ചാറിയതും ശുദ്ധവുമായ കുടിവെള്ളം മാത്രമേ നൽകാവൂ.

 

* പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴുകണം.

 

* ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികൾക്കും പകർച്ചവ്യാധികളിൽ നിന്ന് വിമുക്തമാണെന്ന് തെളിയിക്കുന്ന ഹെൽത്ത് കാർഡ് സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കണം.

 

* ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്.

 

* ഭക്ഷണസാധനങ്ങൾ തയ്യാറാക്കുന്നതും സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും വിളമ്പുന്നതും വൃത്തിയുള്ള സ്ഥലത്തായിരിക്കണം

 

* വറുക്കാനും പൊരിക്കാനും പലഹാരങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്ന എണ്ണ ഒരു പ്രാവശ്യം മാത്രമേ ഉപയോഗിക്കാവൂ.

 

* തുറസ്സായ സ്ഥലത്ത് ഭക്ഷണം പാചകം ചെയ്യാൻ പാടില്ല.

 

* ആഹാരം അടച്ചു സൂക്ഷിക്കുക.

 

*. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ എഫ്.എസ്. എ. ഐ. രജിസ്ട്രേഷൻ/ ലൈസൻസ് നേടിയിരിക്കണം.

 

* പഴങ്ങൾ പച്ചക്കറികൾ ഉൾപ്പെടെ ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ശുദ്ധജലത്തിൽ കഴുകി മാത്രമേ ഉപയോഗിക്കാവൂ.

 

* എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഫുഡ് സേഫ്റ്റി ടോൾഫ്രീ നമ്പർ-18004241125- ഉപഭോക്താക്കൾക്ക് കാണത്തക്ക വിധം ക്യാഷ് കൗണ്ടറിന് സമീപം പ്രദർശിപ്പിച്ചിരിക്കണം.

 

* സ്ഥാപനങ്ങളിലെ വാഷ്ബേസിൻ വൃത്തിയായി സൂക്ഷിക്കണം. വായ കഴുകാനായി ശുദ്ധജലം മാത്രം നൽകുക.

 

* ഭക്ഷ്യവസ്തുക്കൾ നേരിട്ട് ന്യൂസ് പേപ്പറിൽ പൊതിഞ്ഞു നൽകരുത്.

 

* അന്നദാനം നടത്തുന്ന സംഘാടകരും സ്ഥാപനങ്ങളും നിർബന്ധമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചിരിക്കണം.

 

* അതാത് ദിവസം തന്നെ ഖര -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കണം.

 

* നിയമപ്രകാരമുള്ള ലേബൽ വിവരങ്ങൾ ഇല്ലാതെ പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ വിൽക്കാൻ പാടില്ല.

 

* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പാടില്ല.

 

* മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, ക്ഷയം തുടങ്ങിയ സാംക്രമിക രോഗമുള്ളവർ പാചകം ചെയ്യാനോ വിളമ്പാനോ പാടില്ല.

 

* പാചകപ്പുരകളിലെ മാറാല, കരി എന്നിവ സമയബന്ധിതമായി നീക്കം ചെയ്ത് വൃത്തിയാക്കണം.

 

* പാനീയങ്ങളിൽ ചേർക്കുന്ന ഐസ് ശുദ്ധമായ വെള്ളം ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പാക്കുക.

 

* ഐസ് സൂക്ഷിക്കുന്നതിന് തെർമോകോൾ പെട്ടികൾ ഉപയോഗിക്കാൻ പാടില്ല. വൃത്തിയുള്ള ഐസ് ബോക്സിലോ കണ്ടെയ്നറുകളിലോ ഫ്രീസറിലോ ആക്കി സൂക്ഷിക്കേണ്ടതാണ്.

 

* ഉത്സവ പരിസരത്ത് പുകവലി നിരോധിത ബോർഡുകൾ സ്ഥാപിക്കുകയും പുകയില ഉൽപ്പന്നങ്ങൾ, ലഹരിപദാർത്ഥങ്ങൾ എന്നിവയുടെ വിൽപ്പന നിരോധിക്കുകയും ചെയ്യുക.

 

* ഉത്സവ മേഖലയിൽ പൊതുജനങ്ങൾക്കായി മലമൂത്ര വിസർജ്ജന സൗകര്യം ഏർപ്പെടുത്തുകയും വൃത്തിയായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.

 

* ഭക്ഷ്യ സ്ഥാപനങ്ങളിലെ കക്കൂസുകൾ പാചകപ്പുരയിൽ നിന്നും സുരക്ഷിത അകലത്തിലുള്ളതും അടച്ചുറപ്പുള്ളതും ആയിരിക്കണം.

 

* ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്നോ ഉത്സവ പറമ്പുകളിൽ നിന്നോ ടാറ്റൂ, പച്ചകുത്തൽ എന്നിവ ഒഴിവാക്കേണ്ടതാണ്.