
ടാറ്റ സ്റ്റീൽ കളേഴ്സ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് പ്രഖർ അഗർവാൾ, ടാറ്റ സ്റ്റീൽ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രൻ, ടാറ്റ സ്റ്റീൽ കളേഴ്സ് എംഡി പ്രവീൺ വി തമ്പി, ടാറ്റ സ്റ്റീൽ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വിഭാഗം വൈസ് പ്രസിഡന്റ് ആശിഷ് അനുപം എന്നിവർ കളർകോട്ട് പ്രീ- പെയിന്റഡ് സ്റ്റീൽ അവതരിപ്പിക്കുന്ന ചടങ്ങിൽ.
കൊച്ചി: കെട്ടിടനിർമ്മാണരംഗത്ത് ആഗോളതലത്തിൽ ഏറെ അംഗീകാരം നേടിയ പ്രീ- പെയിന്റഡ് സ്റ്റീൽ ഉൽപ്പന്നമായ ‘കളർകോട്ട്’ ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റ സ്റ്റീൽ കളേഴ്സ്. കെട്ടിടങ്ങളുടെ പുറംചുമരുകൾക്കും മേൽക്കൂരകൾക്കും അധിക ഭംഗിയും ഉറപ്പും നൽകുന്ന സ്റ്റീൽ ഉൽപന്നങ്ങളുടെ ശ്രേണിയാണ് കളർകോട്ട്. ആധുനിക യൂറോപ്യൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ഇത്തരം സ്റ്റീലുകൾ രാജ്യത്തെ മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് അവതരിപ്പിക്കുന്നത്. നിർമാണത്തിന് മുൻപ് പ്രത്യേക പെയിന്റും സംരക്ഷണപാളിയും നൽകിയ സ്റ്റീൽ ഷീറ്റുകളാണ് പ്രീ-പെയിന്റഡ് സ്റ്റീൽ. ഉയർന്ന നിലവാരമുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായ ഇത്തരം സ്റ്റീലുകൾ തുരുമ്പിനെയും മറ്റു പോറലുകളെയും ഫലപ്രദമായി പ്രതിരോധിക്കും.
വൈവിധ്യമാർന്ന നിറങ്ങളിൽ വിപണിയിൽ ലഭ്യമായ കളർകോട്ട് പ്രീ- പെയിന്റഡ് സ്റ്റീൽ ഉൽപ്പന്നങ്ങൾ, ടാറ്റ സ്റ്റീൽ കളേഴ്സിന്റെ ജംഷഡ്പൂരിലുള്ള അത്യാധുനിക ഫാക്ടറിയിലാണ് നിർമിക്കുന്നത്. ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയ്ക്ക് ഉന്നത നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സ്റ്റീൽ കളേഴ്സ് എംഡി പ്രവീൺ വി തമ്പി പറഞ്ഞു. ഭാവിയിലേക്ക് അനുയോജ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിന് ബിൽഡർമാർക്കും ആർക്കിടെക്റ്റുകൾക്കും ഏറെ സഹായകരമായ ശ്രേണിയാണ് കളർകോട്ട് പ്രീ- പെയിന്റഡ് സ്റ്റീൽ ഉൽപന്നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെട്രോ, ഗതാഗത പദ്ധതികൾ, തുറമുഖങ്ങൾ, സംഭരണശാലകൾ, വിതരണകേന്ദ്രങ്ങൾ, വാഹന നിർമാണ വ്യവസായശാലകൾ, വാണിജ്യകെട്ടിടങ്ങൾ, പ്രതിരോധമേഖലയിലെ നിർമാണങ്ങൾ, ആധുനിക കെട്ടിടങ്ങൾ തുടങ്ങി രാജ്യത്തെ അടിസ്ഥാനസൗകര്യ മേഖലയിൽ ലോകനിലവാരത്തിലുള്ള പരിഹാരം ലക്ഷ്യമിട്ടാണ് പുതിയ ഉൽപന്നം അവതരിപ്പിക്കുന്നതെന്ന് ടാറ്റ സ്റ്റീൽ കളേഴ്സ് അറിയിച്ചു.
