Home » Blog » Kerala » ആഗോള വിപണി ലക്ഷ്യമിട്ട് ഇന്ത്യ; വാഴപ്പഴ കയറ്റുമതി വർദ്ധിപ്പിക്കാൻ എഫ്.ഡി.ഐ ചട്ടങ്ങളിൽ ഇളവുകൾ വരുത്തുന്നു
images (1)

കാർഷിക മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി സുപ്രധാന നയമാറ്റത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി വാഴപ്പഴം പോലുള്ള പ്രധാന വാണിജ്യവിളകളെ പ്ലാന്റേഷൻ നയത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് നീക്കം. നിലവിൽ തേയില, കാപ്പി, റബ്ബർ തുടങ്ങിയ തോട്ടം മേഖലകളിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് വാഴപ്പഴം ഉൾപ്പെടെയുള്ള വിളകളെ കൂടി ഉൾപ്പെടുത്തുന്നതിലൂടെ ആഗോള വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി വരുമാനവും വിഹിതവും ഗണ്യമായി ഉയർത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും, ആഗോള കയറ്റുമതിയിൽ രാജ്യത്തിന്റെ പങ്ക് വെറും ഒരു ശതമാനം മാത്രമാണ്. ആഗോള ഉത്പാദനത്തിന്റെ 26 ശതമാനത്തിലധികവും (3.53 കോടി മെട്രിക് ടൺ) ഇന്ത്യയിലാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 37.75 കോടി ഡോളറിന്റെ വാഴപ്പഴം കയറ്റുമതി ചെയ്യാൻ രാജ്യത്തിന് സാധിച്ചിരുന്നു. ഈ നേട്ടം ഇനിയും ഉയർത്തി വരും വർഷങ്ങളിൽ കയറ്റുമതി 100 കോടി ഡോളറായി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആന്ധ്ര, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.

 

നിലവിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കും അയൽരാജ്യങ്ങൾക്കുമാണ് ഇന്ത്യ പ്രധാനമായും വാഴപ്പഴം കയറ്റുമതി ചെയ്യുന്നത്. എന്നാൽ അമേരിക്ക, റഷ്യ, ജപ്പാൻ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ വൻകിട വിപണികളിലേക്കും കയറ്റുമതി വ്യാപിപ്പിക്കാനുള്ള വലിയ സാധ്യതകളാണ് നിലവിലുള്ളത്. നേരിട്ടുള്ള വിദേശനിക്ഷേപ വ്യവസ്ഥകൾ ഉദാരമാക്കുന്നത് ഈ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും ഉത്പാദന ശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് വഴി ആഗോള വിപണിയിൽ രാജ്യത്തിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *