കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ‘കാഫിർ സ്ക്രീൻഷോട്ട്’ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ കടുത്ത വെല്ലുവിളിയുമായി രംഗത്ത്. താൻ 10 പേർക്കെങ്കിലും ഈ സ്ക്രീൻഷോട്ട് അയച്ചുനൽകിയെന്ന് തെളിയിക്കാൻ അന്വേഷണസംഘത്തിനോ രാഷ്ട്രീയ എതിരാളികൾക്കോ സാധിക്കുമോ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജിതിൻ ചോദിക്കുന്നത്. അത് തെളിയിക്കാൻ കഴിഞ്ഞാൽ സ്ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാർട്ടി നേതൃത്വം നിർദ്ദേശിച്ചതുകൊണ്ടാണ് താൻ കൂടുതൽ കാര്യങ്ങൾ പരസ്യമായി പ്രതികരിക്കാത്തതെന്നും ജിതിൻ ഭാസ്കർ തന്റെ പോസ്റ്റിൽ കുറിച്ചു. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഐഎം നേതൃത്വം ജയിലിന് മുന്നിൽ വലിയ സ്വീകരണം നൽകിയത് നേരത്തെ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ, കേസിൽ ജിതിൻ ഭാസ്കറിന്റെ ഭാഗത്തുനിന്ന് പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. മൊബൈൽ ഫോൺ പൂർണ്ണമായും റീസെറ്റ് ചെയ്ത് തെളിവുകൾ ഇല്ലാതാക്കിയതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ഫോൺ സംസ്ഥാന ഫോറൻസിക് വിഭാഗത്തിലേക്ക് അയക്കണമെന്നും, ജിതിനോ അദ്ദേഹത്തിന്റെ സഹായിയോ ആകാം ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
