Home » Blog » Kerala » ആ മമ്മൂട്ടി ചിത്രം നഷ്ടമായിരുന്നു വെന്ന് നിർമ്മാതാവ്; ഇല്ലെന്ന് വാദിച്ച് ആരാധകൻ, സോഷ്യൽ മീഡിയയിൽ ചർച്ചയായി കമന്റ്
770115826f796f5a33d99a0dcb92b4fd67a74495f9e8e5dbab24689934bb5019.0

ടി.എസ്. സുരേഷ് ബാബുവിന്റെ സംവിധാനത്തിൽ 1999-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘സ്റ്റാലിൻ ശിവദാസ്’ സാമ്പത്തികമായി പരാജയമായിരുന്നു എന്ന് തുറന്നു പറഞ്ഞ് നിർമ്മാതാവ് ദിനേശ് പണിക്കർ. ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലറായി എത്തിയ ചിത്രം വലിയ താരനിര ഉണ്ടായിട്ടും തിയേറ്ററുകളിൽ വിജയിച്ചിരുന്നില്ല.

തന്റെ സിനിമയെക്കുറിച്ച് ദിനേശ് പണിക്കർ ഫേസ്ബുക്കിൽ പങ്കുവെച്ച ഓർമ്മക്കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. “വിജയിച്ചില്ലെങ്കിലും എനിക്ക് സ്റ്റാലിൻ ശിവദാസ് പൊൻകുഞ്ഞ് തന്നെയാണ്” എന്നായിരുന്നു അദ്ദേഹം കുറിച്ചത്. എന്നാൽ ഈ പോസ്റ്റിന് താഴെ സിനിമ സാമ്പത്തികമായി പരാജയമല്ലെന്നും നിർമ്മാതാവിന് മുടക്കുമുതൽ ലഭിച്ചിരുന്നു എന്നും ഒരാൾ കമന്റ് ചെയ്തു.

ഇതോടെയാണ് പോസ്റ്റിന് താഴെ ചിരിപടർത്തുന്ന മറുപടികളുമായി നിർമ്മാതാവ് നേരിട്ടെത്തിയത്. “താങ്കളോട് ഇത് ആര് പറഞ്ഞു? ഈ സിനിമയുടെ നിർമ്മാതാവ് ഞാൻ തന്നെയാണ്, നഷ്ടം സഹിച്ചതും ഞാൻ തന്നെയാണ്” എന്നായിരുന്നു ദിനേശ് പണിക്കരുടെ മറുപടി. അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കിയ കമന്റ് ഇട്ടയാൾ ഉടൻ തന്നെ ക്ഷമ ചോദിക്കുകയും ചെയ്തു.

സിനിമ മൂലം ഏകദേശം 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്ന മറ്റൊരു കമന്റിന് ‘അതെ’ എന്നും അദ്ദേഹം മറുപടി നൽകി. പടം ഹിറ്റാണെന്ന് വാദിക്കുന്ന ആരാധകർക്ക് സിനിമയുടെ യഥാർത്ഥ കണക്കുകൾ നിർമ്മാതാവ് തന്നെ നേരിട്ട് വ്യക്തമാക്കി നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. മമ്മൂട്ടിക്ക് പുറമെ ഖുശ്ബു, നെടുമുടി വേണു, ക്യാപ്റ്റൻ രാജു, ശങ്കർ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു.