
കൊച്ചി : നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ ഹൈക്കോടതിയില്‍. ജസ്റ്റിന്‍ ജോബിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷനായ ബെഞ്ചിനാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ പരാതി നല്‍കിയത്. ഇതോടെ അമ്മ സംഘടനയ്ക്ക് വേണ്ടി ഒരു സ്‌പെഷല്‍ കോടതി വേണ്ട സാഹചര്യമാണല്ലോ ഉള്ളത് എന്ന പരാമര്‍ശം കോടതി നടത്തി. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലിസാണ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുത്തത്. നിലവില്‍ ക്രിമിനല്‍ മാനനഷ്ടത്തിന്റെ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്താത്തതില്‍ വീണ്ടും നിയമനടപടിക്ക് ഒരുങ്ങുകയാണ് അന്‍സിബ. എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും.
അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കോടതി അന്‍സിബയുടെ ഹര്‍ജി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണെന്നും പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.
താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു അന്‍സിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് പരാതിക്ക് കാരണമായ അഭിമുഖം ലക്ഷ്മിപ്രിയ നല്‍കിയത്.
